മകന്റെ ഭാര്യ സ്ത്രീധനമായി നൽകിയ തുക ഈടാക്കാൻ കോടതി വിധി; 87 വയസ്സുകാരിയുടെ വീട് പൊളിച്ചുമാറ്റി
Mail This Article
വണ്ണപ്പുറം (ഇടുക്കി)∙ മകന്റെ ഭാര്യ സ്ത്രീധനമായി നൽകിയ തുക ഈടാക്കുന്നതിനുള്ള കുടുംബക്കോടതി വിധിയെത്തുടർന്ന്, 87 വയസ്സുകാരി താമസിച്ചിരുന്ന വീട് പൊളിച്ചുമാറ്റി. വണ്ണപ്പുറം കാഞ്ഞിരംകവല പാറവിളയിൽ തങ്കമ്മ സാമുവലിന്റെ വീടാണ് വെള്ളിയാഴ്ച രാത്രി പൊളിച്ചത്. സംഭവസമയം തങ്കമ്മ കൂത്താട്ടുകുളത്ത് ആശുപത്രിയിൽ ചികിത്സയ്ക്കായി പോയിരിക്കുകയായിരുന്നു.
ഒരു ദിവസം മകളുടെ വീട്ടിൽ താമസിച്ച് പിറ്റേന്നു തിരികെ വീട്ടിൽ എത്തിയപ്പോഴാണ് താൻ താമസിച്ചിരുന്ന വീട് പൊളിച്ചതായി കാണുന്നത്. ഒൻപതു മക്കളുടെ അമ്മയായ തങ്കമ്മയ്ക്ക് ഇതോടെ വീടില്ലാതായി. തങ്കമ്മയുടെ മക്കളിൽ 3 പേർ മരിച്ചു. 6 മക്കൾ ജീവിച്ചിരിപ്പുണ്ട്. രണ്ടു പേർ തങ്കമ്മയ്ക്ക് ഒപ്പമാണു കഴിയുന്നത്. ഇവർ അവിവാഹിതരാണ്.
തങ്കമ്മയുടെ പേരിലുള്ള വീട്, പഞ്ചായത്ത് അനുവദിച്ച തുക ഉപയോഗിച്ചാണ് പണിതത്. വീടു പൊളിച്ചതിൽ തങ്കമ്മ കാളിയാർ പൊലീസിൽ പരാതി നൽകി. എന്നാൽ കോടതിവിധി നടപ്പാക്കിയതിനാൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. തങ്കമ്മ താൽക്കാലികമായി മകന്റെ വീട്ടിലേക്കു താമസം മാറി.