ജീവിക്കാൻ വഴിയില്ലാതെ വനംവകുപ്പ് വാച്ചർമാർ
Mail This Article
കൊച്ചി∙ ‘വിഷുവും ഈസ്റ്ററും പെരുന്നാളും വന്നപ്പോൾ ഞങ്ങളുടെ കയ്യിൽ കാശുണ്ടായിരുന്നില്ല. ആഘോഷമല്ലേ, പോട്ടെന്നു വയ്ക്കാം. എന്നാൽ, അസുഖം വന്നാൽ ആശുപത്രിയിൽ പോകാനും സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ ക്ലാസിൽ പറഞ്ഞു വിടാനും പോലും കാശില്ലെന്നു വന്നാൽ എന്തു ചെയ്യും? ഞങ്ങളിൽ പലരും മുഴുപ്പട്ടിണിയിലാണ്. ജീവൻ പണയം വച്ച് വന്യമൃഗങ്ങളുള്ള കാട്ടിൽ ജോലി നോക്കുന്നവരാണ്. ഇതു പരിഗണിച്ചെങ്കിലും സർക്കാർ ഞങ്ങൾക്കു സമയത്തു ശമ്പളം തരേണ്ടതല്ലേ...?’ വനംവകുപ്പിൽ ദിവസക്കൂലിക്കു വാച്ചർ ജോലി ചെയ്യുന്ന ആദിവാസികളിലൊരാളുടെ വാക്കുകളാണ് (ആളെ തിരിച്ചറിഞ്ഞാൽ ജോലി പോകുമെന്നു ഭീതിയുണ്ടെന്നുള്ള അപേക്ഷ കണക്കിലെടുത്ത് ഈ വനംവകുപ്പ് വാച്ചറുടെ പേര് വാർത്തയിൽ നിന്ന് ഒഴിവാക്കുന്നു).
വനംവകുപ്പിലെ ദിവസവേതനക്കാർക്കു ശമ്പളം കിട്ടാതായിട്ട് അഞ്ചു മാസമായി. വാച്ചർ, ഡ്രൈവർ തസ്തികകളിലുള്ളവരാണ് ഇതിലേറെയും. ഭൂരിഭാഗവും ആദിവാസികൾ. ശമ്പളത്തിനുള്ള തുക വകയിരുത്തേണ്ട ഫോറസ്റ്റ് പ്രൊട്ടക്‌ഷൻ ഹെഡിൽ പണമില്ലാത്തതാണു പ്രതിസന്ധിക്കു കാരണം. തുക വകയിരുത്താൻ ആവശ്യപ്പെട്ടു പലതവണ വനം മന്ത്രിയുടെ ഓഫിസിൽനിന്നു ധനവകുപ്പിനു കത്തുനൽകിയിട്ടും അനങ്ങാപ്പാറനയമാണു സ്വീകരിക്കുന്നതെന്നും പരാതിയുണ്ട്. മൂവായിരത്തോളം ദിവസവേതനക്കാരാണു വകുപ്പിലുള്ളത്. പ്രതിദിനം 675 മുതൽ 730 രൂപ വരെയാണു ശമ്പളം. മാസം പരമാവധി 26 തൊഴിൽദിനങ്ങളാണു ലഭിക്കുക.
ഫോറസ്റ്റ് പ്രൊട്ടക്‌ഷൻ ബജറ്റ് ഹെഡിൽ പണമില്ലാതായതോടെ സംസ്ഥാനത്തെ വനം ഓഫിസുകളുടെയും സ്റ്റേഷനുകളുടെയും പ്രവർത്തനവും അവതാളത്തിലാണ്. വാഹനങ്ങൾക്കു പെട്രോളടിക്കാൻ പോലും കാശില്ല. ഓരോ ഫോറസ്റ്റ് സ്റ്റേഷനിലും വാഹനങ്ങൾക്കുള്ള ഇന്ധനത്തിനും ഓഫിസ് സ്റ്റേഷനറിക്കും വനസംരക്ഷണം, ഫയർലൈൻ തെളിക്കൽ, മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്കുമുള്ള ചെലവു കണക്കാക്കിയാൽ 25,000–30,000 രൂപ വരെ പ്രതിമാസം കണ്ടെത്തണം. സ്വന്തം കീശയിൽ നിന്നുള്ള കാശെടുത്ത് ഈ ചെലവുകൾക്കുള്ള തുക കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് ഇതിന്റെ ബില്ലു മാറി നൽകാതായിട്ട് 9 മാസമായി.