മാർ യോഹാന്റെ കബറടക്കം നാളെ
Mail This Article
തിരുവല്ല ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ, യുഎസിൽ കാലം ചെയ്ത മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം ഇന്നലെ രാത്രി 10ന് സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറിൽ എത്തിച്ചു. ഇന്ന് രാവിലെ 9 മുതൽ നാളെ രാവിലെ 9 വരെ ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ പൊതുദർശനമുണ്ടായിരിക്കും. നാളെ 9ന് കബറടക്ക ശുശ്രൂഷയുടെ ഏഴാംഘട്ടം നടക്കും. 10ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിലേക്ക് വിലാപയാത്ര. 11ന് കബറടക്കം.
ഇന്നലെ പുലർച്ചെ മൂന്നരയോടെ ഭൗതികശരീരം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചു. തുടർന്ന് അവിടെ ബിലീവേഴ്സ് ചർച്ച് സെന്ററിൽ പൊതുദർശനത്തിനു വച്ചു. ഉച്ചയ്ക്ക് 12ന് വിലാപയാത്രയായി തിരുവല്ലയിലേക്കു കൊണ്ടുവന്നു. റസിഡന്റ് ബിഷപ് ജോഷ്വ മാർ ബർണബാസ്, നേപ്പാൾ ഭദ്രാസന ബിഷപ് ടൈറ്റസ് മാർ ഒസ്താത്തിയോസ്, സഭ സെക്രട്ടറി ഫാ.ഡോ. ഡാനിയൽ ജോൺസൺ, സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വൈകിട്ട് ആറരയോടെ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ജന്മനാടായ നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ എത്തിച്ച ഭൗതികശരീരം കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്.
ഇവിടെ കബറടക്ക ശുശ്രൂഷയുടെ രണ്ടാംഘട്ടം നടന്നു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള ഭദ്രാസന സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് മുഖ്യകാർമികത്വം വഹിച്ചു. മുംബൈ ഭദ്രാസനാധിപൻ മാർട്ടിൻ മാർ അപ്രേം സഹകാർമികനായിരുന്നു.
രാത്രി 9ന് വിലാപയാത്ര തിരുവല്ലയിൽ എത്തിയപ്പോൾ പൗരാവലിയുടെ നേതൃത്വത്തിൽ സാമുദായിക നേതാക്കളും ജനപ്രതിനിധികളും അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറിൽ എത്തിച്ചേർന്നു. രാത്രി വൈകി വിവിധഘട്ടങ്ങളിലെ ശുശ്രൂഷകൾ നടന്നു.