ഡേറ്റാ ബാങ്കിൽ നിന്നു ഭൂമി തരംമാറ്റാൻ സമയപരിധി വന്നേക്കും
Mail This Article
തിരുവനന്തപുരം∙ ഡേറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെട്ട ഭൂമിയെ ഒഴിവാക്കാൻ ഫോം അഞ്ചിൽ സമർപ്പിക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകൾക്കു കാലാവധി നിശ്ചയിക്കുന്നതു റവന്യു വകുപ്പിന്റെ പരിഗണനയിൽ. 6 മാസമോ ഒരു വർഷമോ കാലാവധി നിശ്ചയിച്ച് അപേക്ഷകൾ കൂട്ടത്തോടെ സ്വീകരിച്ച് സമയബന്ധിതമായി തീർപ്പാക്കുകയാണു ലക്ഷ്യം. നിലവിൽ ഭൂമി തരംമാറ്റത്തിനായി ലഭിച്ചു കെട്ടിക്കിടക്കുന്ന 2.75 ലക്ഷത്തോളം അപേക്ഷകളിൽ ഒന്നര ലക്ഷത്തോളം ഇവയാണ്. അനുദിനം ഓൺലൈൻ അപേക്ഷകൾ വർധിക്കുകയും ചെയ്യുന്നു.
നെൽക്കൃഷി ചെയ്യുന്നതെന്ന് ഡേറ്റാ ബാങ്കിൽ തെറ്റായി ഭൂമി ഉൾപ്പെട്ടതു മാറ്റുന്നതിനായി ഫോം അഞ്ചിൽ ലഭിക്കുന്ന അപേക്ഷകളിൽ റിപ്പോർട്ട് നൽകേണ്ടത് കൃഷി ഓഫിസറാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റവന്യു ഡിവിഷനൽ ഓഫിസർ ഉത്തരവിറക്കും. അപേക്ഷകൾ തദ്ദേശസ്ഥാപന തലത്തിലെ പ്രാദേശിക നിരീക്ഷണ സമിതികൾക്കു (എൽഎൽഎംസി) സമർപ്പിച്ച് കൃഷി ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീർപ്പാക്കുന്ന സംവിധാനവുമുണ്ടെങ്കിലും സമിതി യോഗങ്ങൾ കൃത്യമായി ചേരുന്നില്ല. അതിനാൽ ആർഡിഒ ഓഫിസുകളുടെ ഉത്തരവുകളെയാണു ഭൂവുടമകൾ ആശ്രയിക്കുന്നത്.
ഫോം 5 അപേക്ഷകളുടെ പരിശോധനയും നടപടികളും കൃഷി വകുപ്പ് ഏറ്റെടുക്കണമെന്ന് ഒരു വർഷത്തിലേറെയായി റവന്യു വകുപ്പ് ആവശ്യപ്പെടുന്നുണ്ട്. മന്ത്രി കെ.രാജൻ മുൻകൈയെടുത്ത് ഇതിനു ചർച്ചകളും നടത്തി. ജീവനക്കാരില്ലെന്നു ചൂണ്ടിക്കാട്ടി കൃഷി വകുപ്പ് വഴങ്ങിയില്ല. 2008ൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം വരുന്നതിനു മുന്നോടിയായി ഡേറ്റാ ബാങ്ക് തിരക്കിട്ടു തയാറാക്കിയതിൽ കൃഷി വകുപ്പിനു വന്ന പിഴവുകളാണ് ഫോം 5ലെ അപേക്ഷകൾ വർധിക്കാൻ പ്രധാന കാരണം.