ADVERTISEMENT

തൃശൂർ ∙ ജില്ലയിലെ ഒരു തീരദേശ പഞ്ചായത്തിൽ മുപ്പതോളംപേർ പ്രതിഫലം വാങ്ങി വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങൾ കൈമാറിയെന്ന ഞെട്ടിക്കുന്ന വിവരം ലഭിച്ചിട്ടും പൊലീസ് ‘ഉപകാരപ്രദമായ വിവരങ്ങൾ ലഭിച്ചില്ല’ എന്നെഴുതി അന്വേഷണം അവസാനിപ്പിച്ചു. രാജ്യാന്തര അവയവക്കടത്ത് റാക്കറ്റിലെ ഇടനിലക്കാരന് തീരദേശവുമായുള്ള ബന്ധം പുറത്തുവന്നതോടെ ഈ പരാതി വീണ്ടും ചർച്ചയാകുന്നു.

4 സ്ത്രീകളടക്കം 6 അവയവദാതാക്കളുടെ പേരും വിലാസവും ഫോൺ നമ്പറുകളും സഹിതം പൊതുപ്രവർത്തകൻ 5 മാസം മുൻപു നൽകിയ പരാതിയാണ് പൊലീസ് തെളിവില്ലെന്ന കാരണത്താൽ അവസാനിപ്പിച്ചത്. 5 ലക്ഷം രൂപ വീതം പ്രതിഫലം നൽകി നിർധന സ്ത്രീകളെ കുടുക്കി അവയവങ്ങൾ വിലയ്ക്കുവാങ്ങുന്ന മാഫിയയിലേക്കു വിരൽചൂണ്ടുന്നതായിരുന്നു പരാതി. അന്വേഷണം അവസാനിപ്പിച്ചെങ്കിലും, ‘സംസ്ഥാന തലത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്നതാണ് ഉചിതം’ എന്നുകൂടി സൂചിപ്പിച്ചാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ആ ശുപാർശയിലും നടപടിയുണ്ടായില്ല. 

അവയവ വിൽപന മാഫിയയെക്കുറിച്ചു സാന്ത്വനം ജീവകാരുണ്യ സമിതി പ്രസിഡന്റ് സി.എ. ബാബു മുഖ്യമന്ത്രിക്കു പരാതി നൽകിയതു കഴിഞ്ഞ നവംബർ ഒന്നിനാണ്. ചിലരുടെ കരളും മറ്റു ചിലരുടെ വൃക്കയും പണം നൽകി മാഫിയ വാങ്ങിയെന്നു പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഒരു പഞ്ചായത്തിലെ മുപ്പതോളം പേരിൽനിന്ന് ഇതേ രീതിയിൽ പണം നൽകി അവയവങ്ങൾ വാങ്ങിയെന്നു മനസ്സിലായതോടെയാണു പരാതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നു ബാബു പറയുന്നു. കടബാധ്യതയുള്ള സ്ത്രീകളെയാണ് അവയവ റാക്കറ്റ് കൂ‍ടുതലും ഉന്നംവച്ചത്. ചില വനിതകളെ ഇടനിലക്കാരാക്കിയാണു കച്ചവടക്കാർ സമീപിച്ചത്. ശസ്ത്രക്രിയ നടത്തിയതെവിടെ എന്ന വിവരം അവയവദാതാക്കൾ പറയുന്നില്ല. 

അവയവ കൈമാറ്റത്തിന് ഇരുപതോളം രേഖകൾ ആവശ്യമുണ്ടെങ്കിലും പലരും ഹാജരാക്കിയത് അവയവ മാഫിയ നൽകിയ വ്യാജ രേഖകളാണെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് സിറ്റി പൊലീസിനു പരാതി കൈമാറി. അന്വേഷണം നടത്തിയ എസ്എച്ച്ഒ റിപ്പോർട്ട് കൈമാറിയതു ഗുരുവായൂർ എസിപിക്കാണ്. പരാതിക്കാരന് എസിപി നൽകിയ മറുപടിയുടെ രത്നച്ചുരുക്കം ഇങ്ങനെ: ‘പരാതിക്കാരന്റെ പരാതിയിലെ എതിർകക്ഷികളെ ചോദ്യംചെയ്തു. ഉപകാരപ്രദമായ വിവരങ്ങൾ ലഭിച്ചില്ല. 

ഇത്തരം പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത് ഉചിതം.’ തീരമേഖലയിൽ പലയിടത്തും ഇതേ രീതിയിൽ അവയവക്കച്ചവടം നടക്കുന്നുണ്ടെന്ന പരാതി നേരത്തേയും ഉയർന്നിരുന്നെങ്കിലും കൃത്യമായ അന്വേഷണമുണ്ടായിട്ടില്ല. 

English Summary:

complaint that thirty of organ transfer in one panchayat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com