മനുഷ്യക്കടത്ത്: കേന്ദ്ര ബിൽ സഭയിൽ എത്തിയില്ല; കരടിൽ ഒതുങ്ങി
Mail This Article
പാലക്കാട് ∙ മനുഷ്യക്കടത്തു കേസുകളിലെ പ്രതികൾക്കു വധശിക്ഷ ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകളോടെ കേന്ദ്ര സർക്കാർ തയാറാക്കിയ നിയമം കരടിലൊതുങ്ങി. മനുഷ്യക്കടത്തു തടയൽ, സംരക്ഷണ പുനരധിവാസ ബിൽ 2021 ജൂലൈയിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നു പറഞ്ഞെങ്കിലും നടന്നില്ല. നിയമം കൊണ്ടുവരാൻ തുടർനടപടിയുണ്ടായതുമില്ല. വൻ റാക്കറ്റുകൾ മനുഷ്യരെ കടത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണു സമഗ്ര നിയമമുണ്ടാക്കാൻ തീരുമാനിച്ചത്.
കരടിലെ വ്യവസ്ഥകൾ
∙ പ്രതികൾക്കു മുൻകൂർ ജാമ്യമില്ല.
∙ പ്രതികളുടെ ബാങ്ക് അക്കൗണ്ടും നിക്ഷേപങ്ങളും മരവിപ്പിക്കും, സ്വത്ത് കണ്ടുകെട്ടും.
∙ അന്വേഷണച്ചുമതല ദേശീയ അന്വേഷണ ഏജൻസിക്ക്. വിചാരണയ്ക്കു പ്രത്യേക കോടതി.
∙ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകി ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം (നിലവിൽ കുറ്റപത്രം നൽകാൻ സമയപരിധിയില്ല).
∙ കുറഞ്ഞ ശിക്ഷ 10 വർഷം തടവും ഒരു കോടി രൂപ പിഴയും (ഇപ്പോൾ 7 മുതൽ 10 വർഷം വരെ തടവ്).
∙ പ്രതിയുടെ നിക്ഷേപം ഇരയുടെ ചികിത്സയ്ക്കും ക്ഷേമത്തിനും ഉപയോഗിക്കും.
രാജ്യാന്തരതലത്തിൽ വൻ റാക്കറ്റുകൾ നടത്തുന്ന മനുഷ്യക്കടത്ത് സങ്കൽപിക്കാൻ കഴിയുന്നതിനെക്കാൾ വ്യാപകമാണ്. കൊച്ചിയിൽ പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവം മാത്രം. - ഡോ. പി.എം.നായർ, റിട്ട. ഡിജിപി, യുഎൻ മനുഷ്യക്കടത്ത് വിരുദ്ധവിഭാഗം മുൻ ഏഷ്യൻ നോഡൽ ഒാഫിസർ (പ്രത്യേക നിയമത്തിന്റെ കരട് തയാറാക്കുന്നതിൽ പങ്കാളി)