ADVERTISEMENT

കൊച്ചി ∙ അന്റാർട്ടിക്കയിലെ പര്യവേക്ഷണം ഊർജിതമാക്കാൻ ഇന്ത്യ മഞ്ഞുകട്ടകളെ മുറിച്ചുപോകാൻ കഴിയുന്ന ‘ഐസ് ക്ലാസ് കപ്പൽ’ വാങ്ങും. ഗവേഷണം വിപുലപ്പെടുത്താൻ ഇതു സുപ്രധാനമാണെന്നു കൊച്ചിയിൽ നടക്കുന്ന അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനാ യോഗത്തിൽ (ഐടിസിഎം) ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്ന നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച് (എൻസിപിഒആർ) ഡയറക്ടർ കാസർകോട് സ്വദേശിയായ ഡോ.തമ്പാൻ മേലത്ത് പറഞ്ഞു. 

അന്റാർട്ടിക്കയിൽ രാജ്യത്തിനു 2 ഗവേഷണ കേന്ദ്രങ്ങളുണ്ടെങ്കിലും അവിടേക്കുള്ള യാത്രയ്ക്കു വാടകക്കപ്പലാണ് ഉപയോഗിക്കുന്നത്. അതിനു പകരമാണ് പുതിയ കപ്പൽ വാങ്ങുന്നത്. മഞ്ഞുപാളികൾക്കിടയിലൂടെ സഞ്ചരിക്കാൻ കഴിയുംവിധം പുറംചട്ടയ്ക്കും അടിഭാഗത്തിനും കരുത്തുള്ളതാവും ഈ കപ്പൽ.  ഡോ. തമ്പാൻ മേലത്ത് ‘മനോരമ’യുമായി സംസാരിക്കുന്നു. 

ഡോ. തമ്പാൻ മേലത്ത്
ഡോ. തമ്പാൻ മേലത്ത്

Q. കേരളത്തിന്റെ സാഹചര്യത്തിൽ അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനാ യോഗത്തിന്റെ പ്രസക്തി? 

A. ധ്രുവ പ്രദേശങ്ങളിലെ ഏതു മാറ്റവും ഏറെ തീരദേശമുള്ള കേരളത്തെ ബാധിക്കും. മഞ്ഞുരുകുന്നതു മൂലം കടൽനിരപ്പ് ഉയരുന്നതു മാത്രമല്ല, പ്രവചിക്കാൻ കഴിയാത്ത തീവ്ര മഴയ്ക്കും പ്രളയത്തിനുമെല്ലാം ധ്രുവപ്രദേശത്തെ മാറ്റങ്ങളുമായി ബന്ധമുണ്ട്. അന്റാർട്ടിക്കയിലെ അനാവശ്യ രാജ്യാന്തര ഇടപെടലുകളെ നിയന്ത്രിക്കുന്നതിൽ ഈ സമ്മേളനം ഏറെ പ്രധാനമാണ്. 

Q. ടൂറിസം ചട്ടക്കൂടിനു രൂപം നൽകലാണല്ലോ പ്രധാന അജൻഡ. ഇതിൽ എത്രത്തോളം മുന്നോട്ടു പോകാനാകും? 

A. അന്റാർട്ടിക്കയ്ക്ക് ഇണങ്ങുന്ന ടൂറിസം ചട്ടക്കൂട് ഉണ്ടാക്കിയതിന്റെ പേരിലാകും കൊച്ചി സമ്മേളനം അറിയപ്പെടുന്നത്. കാര്യമായ നിയന്ത്രണങ്ങളില്ലാതെയാണ് അവിടേക്കു വിനോദ സഞ്ചാരികൾ എത്തുന്നത്. കൃത്യമായ നിയന്ത്രണത്തോടെ മാത്രമേ ടൂറിസം അനുവദിക്കാവൂവെന്നാണ് ഇന്ത്യയുടെ നിലപാട്.

Q. ‘അന്റാർട്ടിക്കയിലെ മഞ്ഞുരുകിയാൽ നമുക്കെന്തു പ്രശ്നം?’ എന്നു ചോദിക്കുന്നവർക്ക് എന്താണു മറുപടി? 

A. അന്റാർട്ടിക്കയിലെ മഞ്ഞുരുകിയാൽ നമ്മുടെ തീരപ്രദേശത്തും ജലനിരപ്പ് ഉയരുമെന്നതിൽ നിന്നു തന്നെ വെല്ലുവിളി വ്യക്തമാണ്. ലോകത്തിന്റെ ഏതു ഭാഗത്തുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളും നമ്മുടെ ജീവിതത്തെയും കാലാവസ്ഥയെയും ഭക്ഷണത്തെയും ബാധിക്കും. 

Q. അന്റാർട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രമായ ‘മൈത്രി 2’ സ്ഥാപിക്കാൻ ഇന്ത്യ ഒരുങ്ങുകയാണല്ലോ. പര്യവേക്ഷണത്തിൽ ഇത് എത്രത്തോളം സഹായകമാകും? 

A. ഭാവിസാധ്യതകൾ മുൻനിർത്തി വിപുലമായ സൗകര്യങ്ങളുള്ള ഗവേഷണ കേന്ദ്രമാണു ‘മൈത്രി 2’. ഭാവിയിൽ മൺസൂൺ പ്രവചിക്കാൻ ഇവിടെ നിന്നുള്ള വിവരങ്ങൾ പ്രയോജനപ്പെടുത്താം. 

Q. അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട ഇത്രയും പ്രധാനപ്പെട്ട സമ്മേളനത്തിനു വേദിയായി കൊച്ചി തിരഞ്ഞെടുക്കാൻ കാരണം? 

A. സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടെ കൊച്ചിയിൽ ലഭ്യമായ മികച്ച സൗകര്യങ്ങളാണ് കാരണം. 

English Summary:

India to procure ship that can break through thick ice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com