അവയവക്കടത്ത്: ഹൈദരാബാദിൽ പ്രവർത്തിച്ചത് ‘സാന്റി സിൻഡിക്കറ്റ്’; സൂചന സബിത്തിന്റെ മൊഴിയിൽ നിന്ന്
Mail This Article
കൊച്ചി ∙ രാജ്യാന്തര അവയവക്കച്ചവട റാക്കറ്റ് കോവിഡിനു മുൻപും കേരളത്തിൽ നിന്നുള്ള അതിഥിത്തൊഴിലാളികളെ 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തു തുർക്കി, ഇറാൻ എന്നിവിടങ്ങളിലേക്കു കടത്തി. ഹൈദരാബാദ് കേന്ദ്രീകരിച്ചു ‘സാന്റി സിൻഡിക്കറ്റ്’ എന്ന പേരിൽ കുപ്രസിദ്ധമായ മനുഷ്യക്കടത്തു സംഘമാണ് ഇതിനു പിന്നിൽ. 2017 ൽ കേരളത്തിൽ നിന്നു റാക്കറ്റ് കടത്തിയ 22 അതിഥിത്തൊഴിലാളികൾ മടങ്ങി എത്തിയിട്ടില്ല. ഇവരുടെ ആധാർകാർഡ് അടക്കമുള്ള രേഖകൾ വ്യാജമായതിനാൽ യഥാർഥ വിലാസം കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രി പിടിയിലായ കൊടുങ്ങല്ലൂർ വലപ്പാട് സ്വദേശി സബിത്തിന്റെ മൊഴികളിലാണു ‘സാന്റി സിൻഡിക്കറ്റിന്റെ’ സൂചനയുള്ളത്. സബിത്തിന്റെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അന്വേഷണ സംഘം ഹൈദരാബാദിലേക്കു തിരിക്കും. 2015 മുതൽ ഹൈദരാബാദ് കേന്ദ്രീകരിച്ച് അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നാണു വിവരം. സിൻഡിക്കറ്റിനെ നയിച്ചിരുന്ന റോഹൻ മാലിക്ക് (സാന്റി), കൂട്ടാളികളായ അമരീഷ് പ്രതാപ്, റിതിക ജയ്സ്വാൾ (റിങ്കി) എന്നിവരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡോ.റിതിക സിങ് എന്ന വ്യാജപ്പേരിൽ കേസിലെ മൂന്നാം പ്രതി റിതിക ജയ്സ്വാളാണ് ഇരകളുമായി ആശയവിനിമയം നടത്തിയിരുന്നത്. തുർക്കിയിലേക്കു മനുഷ്യക്കടത്ത് നടത്തിയ ‘സാന്റി സിൻഡിക്കറ്റ്’ ജയിലിലായതോടെയാണു രാജ്യാന്തര അവയവക്കച്ചവട റാക്കറ്റ് പുതിയ ഏജന്റിനെ നിയോഗിച്ച് ഇറാനിലേക്കു മനുഷ്യക്കടത്ത് ആരംഭിച്ചതെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം.
സബിത്ത് ഇടനിലക്കാരനായി കടത്തിയതായി സമ്മതിച്ച 20 പേരുടെ അവയവങ്ങൾ നീക്കിയ ഇറാനിലെ ആശുപത്രിയിൽ നിന്ന് ഇവരുടെ വിവരങ്ങൾ ശേഖരിക്കാൻ ന്യൂഡൽഹിയിലെ ഇറാൻ എംബസിയുടെ സഹായം തേടും. അവയവ റാക്കറ്റിന്റെ മുഖ്യകണ്ണിയായ ഇറാനിലെ മലയാളി ഡോക്ടറെക്കുറിച്ച് അന്വേഷണസംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ ഇറാനിൽ ഉപയോഗിച്ചിരുന്ന 2 ഫോൺ നമ്പറുകളും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ ഡോക്ടറുടെ കേരളത്തിലുള്ള ബന്ധുക്കളും നിരീക്ഷണത്തിലാണ്.