ADVERTISEMENT

മഞ്ചേരി ∙ ബ്രിട്ടിഷ് ഭരണകൂടം 224 വർഷം മുൻപ് കണ്ടുകെട്ടിയ ഭൂമിയുടെ അവകാശം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് പയ്യനാട് വില്ലേജിലെ 180 കുടുംബങ്ങൾ. വില്ലേജിലെ 36.49 ഏക്കറിന് നികുതിയും പട്ടയവും ലഭിക്കാനുമുള്ള നടപടി സ്വീകരിക്കാൻ റവന്യു വകുപ്പ് ഉത്തരവായി.

പഴശ്ശിരാജയ്ക്കൊപ്പം സമരം നടത്തിയ അത്തൻ കുരിക്കളെ 1800ൽ ബ്രട്ടിഷുകാർ പിടികൂടി വധിച്ചതിനു പുറമേ, അദ്ദേഹത്തിന്റെ പേരിലുള്ള ഭൂമിയും കണ്ടുകെട്ടി. ഈ ഭൂമിയിലെ ഇപ്പോഴത്തെ കൈവശക്കാർക്കാണ് അവകാശം ലഭിക്കുക. അത്തൻ കുരിക്കളുടെ മകൻ കുഞ്ഞഹമ്മദ് കുട്ടി കുരിക്കൾ ഭൂമി തിരിച്ചു കിട്ടാൻ അന്ന് നൽകിയ അപേക്ഷയിൽ പാട്ടവ്യവസ്ഥയിൽ തിരിച്ചു നൽകി. പിന്നീട് മക്കളായ ഖാൻ ബഹദൂർ അഹമ്മദ് കുരിക്കൾ, മൊയ്തീൻകുട്ടി കുരിക്കൾ എന്നിവർക്ക് 15,965 രൂപ ജന്മവില നിശ്ചയിച്ച് പതിച്ചു നൽകിയെങ്കിലും കുറച്ചു ഭാഗം മലബാറിലെ സത്രങ്ങളുടെ ചെലവിലേക്ക് മാറ്റിവച്ചു. സത്രം ഭൂമിയെന്ന പേരിലാണ് ഈ ഭൂമി അറിയപ്പെട്ടിരുന്നത്.

നിലവിൽ 180 കുടുംബങ്ങളുടെ കൈവശത്തിലെ ഈ ഭൂമിക്ക് പട്ടയം ലഭിച്ചിരുന്നില്ല. പയ്യനാട് വി.എം.അബു ഹാജി, മാഞ്ചേരി അഹമ്മദ് കുരിക്കൾ (കുഞ്ഞാൻ കുരിക്കൾ), പി.വി.മുഹമ്മദ് എന്നിവർ അര നൂറ്റാണ്ടായി നടത്തിയ ശ്രമങ്ങളാണ് ഇപ്പോൾ ഫലം കണ്ടത്. കൈവശാവകാശം ലഭിക്കാൻ സർക്കാരിന് നൽകിയ അപേക്ഷയിൽ ലാൻഡ് ബോർഡ് പരിശോധന നടത്തി. കൈവശത്തിന് തെളിവായി ആധാരം ഹാജരാക്കി. എന്നാൽ, സെറ്റിൽമെന്റ് റജിസ്റ്ററിൽ പാട്ടം നിശ്ചയിച്ച് കൊല്ലം തോറും ഏൽപിച്ചു കൊടുക്കുന്ന ഭൂമി എന്ന് രേഖപ്പെടുത്തിയതാണ് അവകാശികൾക്ക് വിനയായതെന്ന് കുഞ്ഞാൻ കുരിക്കൾ പറഞ്ഞു. ഇക്കാര്യം റവന്യു വകുപ്പിനെ ബോധ്യപ്പെടുത്തിയപ്പോൾ ലാൻഡ് ബോർഡ് സെക്രട്ടറി തഹസിൽദാർ മുഖേന അന്വേഷണം നടത്തി.

ഭൂമി സ്വകാര്യ ഭൂമിയാണെന്നും കൈവശ അവകാശം നിഷേധിക്കാൻ പാടില്ലെന്നും റിപ്പോർട്ട് ചെയ്തു. നികുതി ഈടാക്കാനും ക്രയവിക്രയ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്നും കഴിഞ്ഞ ദിവസം ഉത്തരവായതോടെയാണ് രണ്ടേകാൽ നൂറ്റാണ്ട് നീണ്ട ഊരാകുടുക്കുകളിൽനിന്ന് ഭൂമി സ്വാതന്ത്ര്യം നേടിയത്.

English Summary:

The 180 families of Payyanad village are happy that the land confiscated by the British government 224 years ago has been returned.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com