കിടപ്പാടമൊരുക്കാൻ സ്ഥലം നൽകി വിവാഹ വാർഷികാഘോഷം; നൽകിയത് 7 കുടുംബങ്ങൾക്ക് 5 സെന്റ് വീതം
Mail This Article
എടക്കര (മലപ്പുറം) ∙ വിവാഹ വാർഷികത്തിനു നിർധന കുടുംബങ്ങൾക്കു വീടു നിർമിക്കാൻ ഭൂമി ദാനം ചെയ്ത് ദമ്പതികൾ. എടക്കര പാർലി ശ്രീനിലയത്തിൽ വിജയ്കുമാർ ദാസും ഭാര്യ നിഷയുമാണ് 25–ാം വിവാഹ വാർഷികത്തിൽ 7 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ 5 സെന്റ് വീതം ദാനം ചെയ്തത്. പഞ്ചായത്തിലെ ജനപ്രതിനിധികളെ അറിയിച്ചാണ് അർഹരായ കുടുംബങ്ങളെ കണ്ടെത്തിയത്.
ഭൂമിയുടെ രേഖകൾ പി.വി.അൻവർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.ജയിംസ് തുടങ്ങിയവർ വിതരണം ചെയ്തു. വിജയ്കുമാർ ദാസ് 25 വർഷം ദുബായിലെ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. പ്രവാസം മതിയാക്കി 6 മാസം മുൻപാണു നാട്ടിൽ സ്ഥിരതാമസമാക്കിയത്. ശ്രീലക്ഷ്മി, സിദ്ധാർഥ് എന്നിവരാണു മക്കൾ. എടക്കര സബ് റജിസ്ട്രാർ ഓഫിസിനു കെട്ടിടം നിർമിക്കാൻ 12 സെന്റ് ഭൂമിയും ഇവർ ദാനമായി നൽകിയിരുന്നു.