ADVERTISEMENT

കൊച്ചി ∙ അന്റാർട്ടിക്കയിലെ ഏറ്റവും വലിയ മഞ്ഞുമലയായ റോസിന് ദിവസവും സ്ഥാനമാറ്റം സംഭവിക്കുന്നുവെന്നു റിപ്പോർട്ട്. ആഗോളതാപനം മൂലം മഞ്ഞുമല ഉരുകുന്നതിന്റെ വേഗം വർധിക്കുന്ന സമയത്ത് ഇതിനു സ്ഥാനമാറ്റമുണ്ടാകുന്നതു ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് വാഷിങ്ടൻ സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു. അന്റാർട്ടിക്കയിലെ കൂറ്റൻ മഞ്ഞുമലകൾക്ക് ഇടയ്ക്കിടെ സ്ഥാനമാറ്റം സംഭവിക്കാറുണ്ട്.

കടലിലേക്കുള്ള മഞ്ഞുകട്ടകളുടെ പ്രവാഹമാണ് മഞ്ഞുമലകളുടെ സ്ഥാനമാറ്റത്തിനു കാരണം. ഇത്തരം പ്രവാഹങ്ങൾ മൂലം ദിവസത്തിൽ ഒരിക്കലെങ്കിലും റോസ് മഞ്ഞുമലയുടെ സ്ഥാനം മാറുന്നുവെന്നാണു പഠനം തെളിയിക്കുന്നത്. ദിവസത്തിൽ ഒന്നോ രണ്ടോ തവണ 6–8 സെമീ ദൂരത്തേക്ക് ഈ മഞ്ഞുമല തെന്നിമാറും. ഈ ചലനം മഞ്ഞുമലയിൽ കുലുക്കമുണ്ടാക്കുകയും അതിൽ വിള്ളൽ വീഴ്ത്തുകയും ചെയ്യുന്നു. മിനിറ്റുകളെടുത്താണ് ഈ സ്ഥാനമാറ്റമുണ്ടാകുന്നത്. 

ഗവേഷണത്തിന്റെ ഭാഗമായി ഈ മഞ്ഞുമലകളിൽ ക്യാംപ് ചെയ്യുന്നവർ പോലും ഇത് അറിയണമെന്നില്ല. മഞ്ഞുകട്ടകളുടെ സമുദ്രത്തിലേക്കുള്ള പ്രവാഹത്തെ തടഞ്ഞു നിർത്തി കൂടുതൽ മഞ്ഞ് അന്റാർട്ടിക്കയിൽ രൂപപ്പെടാൻ സഹായിക്കുന്നത് ഈ മഞ്ഞുമലകളാണ്. ഇവ ഇല്ലാതായാൽ മഞ്ഞുകട്ടകൾ വേഗത്തിൽ കടലിലേക്കു പ്രവഹിക്കുകയും അതു കടൽ ജലനിരപ്പ് ഉയരാൻ ഇടയാക്കുകയും ചെയ്യുന്നു. ആഗോള താപനം മൂലം അന്റാർട്ടിക്കയിലെ മഞ്ഞുരുകുന്നതിന്റെ വേഗം കൂടുന്നതും മഞ്ഞുമലകൾക്കുണ്ടാകുന്ന സ്ഥാനമാറ്റവും കൊച്ചിയിൽ നടക്കുന്ന അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചന യോഗം (എടിസിഎം) ചർച്ച ചെയ്യുന്നുണ്ട്. 30നാണു സമ്മേളനം സമാപിക്കുക.

റോസ് മഞ്ഞുമല

ഫ്രാൻസിന്റെ അത്ര വലുപ്പമുള്ളതാണ് അന്റാർട്ടിക്കയിലെ റോസ് മഞ്ഞുമല. 600 കിലോമീറ്ററിലേറെ നീളവും ജലോപരിതലത്തിൽ നിന്ന് 15 മുതൽ 50 മീറ്റർ വരെ ഉയരവും ഇതിനുണ്ട്. ഏകദേശം വിസ്തീർണം 4.87 ലക്ഷം ചതുരശ്ര കിലോമീറ്റർ. ഈ മഞ്ഞുമലയുടെ 90% ഭാഗവും വെള്ളത്തിനടിയിലാണ്. 

അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനാ യോഗം: ചർച്ചയുടെ ചൂടിൽ നിന്ന് മഴയുടെ തണുപ്പിലേക്ക്

കൊച്ചി ∙ അന്റാർട്ടിക്കയിലെ തണുപ്പു പോലെയല്ല, ചൂടു പിടിച്ച ചർച്ചകളാണു കൊച്ചി ലുലു ബോൾഗാട്ടി സെന്ററിലെ അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചന യോഗത്തിൽ (എടിസിഎം) നടക്കുന്നത്. യോഗത്തിന്റെ ഇടവേളയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ ഇന്നലെ കൊച്ചിയുടെ മഴത്തണുപ്പിലേക്ക് ഇറങ്ങി. ചരിത്രമുറങ്ങുന്ന ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായിരുന്നു പ്രധാന സന്ദർശനം.

കുറച്ചു പേർ മൂന്നാറിന്റെ മഞ്ഞും തണുപ്പും ആസ്വദിക്കാൻ പോയി. മറ്റു ചിലർ ആലപ്പുഴയിലെ ഹൗസ് ബോട്ടിന്റെ കുളിര് നുണയാനും. പൊതുവേ ഇടവേളകൾ അധികമില്ലാത്ത തിരക്കിട്ട വർക്കിങ് ഗ്രൂപ്പ് ചർച്ചകളാണ് എടിസിഎമ്മിൽ നടക്കുന്നത്. 20ന് ആരംഭിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ട വർക്കിങ് ഗ്രൂപ്പ് ചർച്ചകൾ പിന്നിട്ടതിന്റെ ഇടവേളയിലായിരുന്നു വിദേശ പ്രതിനിധികളുടെ വിനോദ സഞ്ചാരം. 

40 രാജ്യങ്ങളിൽ നിന്നായി 100 പ്രതിനിധികളുൾപ്പെട്ട സംഘമാണ് ഇന്നലെ ഫോർട്ട് കൊച്ചിയിലുൾപ്പെടെ സന്ദർശനം നടത്തിയതെന്ന് എടിസിഎമ്മിന്റെ ട്രാവൽ പാർട്നർമാരായ എസ്റ്റൂറീസ് ഹോളിഡേയ്സ് സിഇഒ സൂസൻ തോമസ് പറഞ്ഞു. ഡച്ച് കൊട്ടാരം, സെന്റ് ഫ്രാൻസിസ് പള്ളി, ജ്യൂ സ്ട്രീറ്റ്, സിനഗോഗ്, ഫോർട്ട് കൊച്ചി ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു.

എടിസിഎമ്മിനു കൊച്ചി വേദിയാകുമ്പോൾ പ്രതിനിധികൾക്കായി കേരളത്തിലെ വിവിധ സ്ഥലങ്ങൾ കാണാനായി ടൂറിസം പാക്കേജുകളും ലഭ്യമാക്കിയിരുന്നു. തട്ടേക്കാട്, പാണിയേലിപോര്, ഫോർട്ട് കൊച്ചി, ചെറായി, മാരാരിക്കുളം, അതിരപ്പിള്ളി, കുമരകം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകളും ആഡംബര കപ്പൽ യാത്രയുമാണ് ലഭ്യമാക്കിയിരുന്നത്. 56 രാജ്യങ്ങളിൽ നിന്നായി 400 പ്രതിനിധികളാണ് എടിസിഎമ്മിൽ പങ്കെടുക്കുന്നത്.

English Summary:

Rose iceberg in Antartica is reported to be shaking daily

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com