ADVERTISEMENT

തിരുവനന്തപുരം/ ന്യൂഡൽഹി ∙ കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം സാധാരണയിലും കൂടുതലായിരിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് 106% മഴ അധികം ലഭിക്കുമെന്നാണു പ്രവചനം. ജൂലൈ–സെപ്റ്റംബർ മാസങ്ങളിലായിരിക്കും അധികമഴ പെയ്യുക. സംസ്ഥാനത്ത് 5 ദിവസത്തിനകം കാലവർഷം എത്തുമെന്നും അറിയിച്ചു.

കഴിഞ്ഞവർഷം ജൂൺ എട്ടിനാണു കാലവർഷമെത്തിയത്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇന്നു മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന 5 ദിവസം കേരളത്തിൽ പരക്കെ മഴ ലഭിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരള–കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. 

ആലപ്പുഴ വലിയഴീക്കലിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിൽ 7 മത്സ്യബന്ധന വള്ളങ്ങൾ കടലിലേക്ക് ഒഴുകിപ്പോയി. ഇതിൽ 5 വള്ളങ്ങൾ പുലിമുട്ടിൽ തട്ടിത്തകർന്നു. മറ്റുള്ളവയ്ക്കും കേടുപാടുണ്ട്. 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാറ്റിലും മഴയിലും 6 വീടുകൾക്കു ഭാഗിക നാശമുണ്ടായി. 

ചുഴലിക്കാറ്റ്: ബംഗാളിൽ 5 മരണം

കൊൽക്കത്ത ∙ ബംഗാളിൽ റിമാൽ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 5 ആയി. കൊൽക്കത്തയിൽ ഒരാളും സൗത്ത് 24 പർഗാനാസ് ജില്ലയിൽ 2 സ്ത്രീകളും കിഴക്കൻ മേദിനിപ്പുർ ജില്ലയിൽ അച്ഛനും മകനും മഴക്കെടുതിയിൽ മരിച്ചു.

English Summary:

Central Meteorological Department informed that monsoon will be more than normal in southern states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com