ബാർകോഴ വിവാദം: മന്ത്രി രാജേഷിന്റെ വസതിയിലേക്ക് നോട്ടെണ്ണൽ യന്ത്രവുമായി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്
Mail This Article
തിരുവനന്തപുരം ∙ മദ്യനയവുമായി ബന്ധപ്പെട്ടുണ്ടായ ബാർ കോഴ വിവാദത്തിൽ എക്സൈസ് മന്ത്രി എം.ബി.രാജേഷിന്റെ വസതിയിലേക്ക് നോട്ടെണ്ണൽ യന്ത്രവുമായി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉദ്ഘാടനം ചെയ്തു.
മദ്യനയത്തിൽ യോഗം വിളിക്കാൻ ടൂറിസം വകുപ്പിനു മൗനസമ്മതം നൽകിയ മന്ത്രി മറുപടി പറയണമെന്നും സ്കൂളിനു പകരം ബാറുകൾ തുറന്ന് ബാർ സൗഹൃദ കേരളം ലക്ഷ്യം വയ്ക്കുന്ന മന്ത്രിമാർ രാജിവയ്ക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
എം.ബി.രാജേഷിന്റെ വസതിയിലേക്കുള്ള വഴിയിൽ ബാരിക്കേഡ് കെട്ടി പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സമരക്കാരും പൊലീസും തമ്മിൽ ചെറിയ ഉന്തുംതള്ളും ഉണ്ടായി. തുടർന്ന് നോട്ടെണ്ണൽ യന്ത്രം റോഡിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം അവസാനിപ്പിച്ച് മടങ്ങി. യന്ത്രം മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.
സംസ്ഥാന ഭാരവാഹികളായ സുബിജ, നീതു വിജയൻ, സി.എസ്.അരുൺ, ഫൈസൽ, ഫെബിൻ, രാഹുൽ അരുവിക്കര, സജിത്ത് മുട്ടപ്പാലം, അഫ്സൽ ബാലരാമപുരം, ഋഷി കൃഷ്ണൻ, എസ്.കെ.അഭിജിത്ത്, ജില്ലാ ഭാരവാഹികളായ ഷജിൻ രാജേന്ദ്രൻ, സെയ്താലി കൈപ്പാടി, ബാഹുൽ കൃഷ്ണ, ഹരികൃഷ്ണൻ, അച്ചു അജയ്ഘോഷ്, രേഷ്മ, സുജിത്ത് കോവളം തുടങ്ങിയവർ പ്രസംഗിച്ചു.