ADVERTISEMENT

തിരുവനന്തപുരം / കോട്ടയം ∙ പണപ്പിരിവ് കോഴ കൊടുക്കാനാണെന്ന ശബ്ദരേഖയിലെ വെളിപ്പെടുത്തൽ ബാറുടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോൻ ക്രൈംബ്രാഞ്ചിനു മുന്നിൽ നിഷേധിച്ചു. ശബ്ദരേഖയിലെ ഉള്ളടക്കം നിഷേധിച്ചു കഴിഞ്ഞദിവസം ബാറുടമകൾക്കു നൽകിയ കുറിപ്പിലെ നിലപാടാണ് അനിമോൻ ആറുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിലും ആവർത്തിച്ചത്.

ഇടുക്കിയിൽ തുടരുന്ന അന്വേഷണ സംഘം അണക്കരയിലെ സ്പൈസ് ഗ്രോവ് ഹോട്ടലുടമയുടെ മൊഴി ഇന്നു രേഖപ്പെടുത്തും. ഇടുക്കി ജില്ലയിൽ ഈ ഹോട്ടൽ മാത്രമാണു രണ്ടരലക്ഷം രൂപ നൽകിയതെന്ന് ശബ്ദരേഖയിൽ അനിമോൻ പരാമർശിച്ചിരുന്നു. ശബ്ദരേഖ പ്രചരിച്ച വാട്സാപ് ഗ്രൂപ്പിലുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. 

ശബ്ദരേഖ വിവാദമായ ശേഷം അനിമോൻ പുറംലോകത്തു പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒളിച്ചുകളി നിലനിർത്തിയായിരുന്നു  ചോദ്യംചെയ്യലും. കോട്ടയം കുറവിലങ്ങാട്ടുള്ള ബാർ ഹോട്ടലിലായിരുന്നു ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ മൊഴിയെടുപ്പ്. രാവിലെ ഒൻപതരയ്ക്ക് എത്തിയ അനിമോൻ മാധ്യമങ്ങൾക്കു പ്രതികരണം നൽകാതെ മൂന്നരയോടെ മടങ്ങി. ശബ്ദരേഖ തന്റേതാണെന്ന് അന്വേഷണ സംഘത്തോട് അനിമോൻ സമ്മതിച്ചു. പക്ഷേ സർക്കാരിനു നൽകാനുള്ള കോഴയെന്നല്ല ഉദ്ദേശിച്ചത്. കെട്ടിടനിർമാണത്തിന് എത്രയും വേഗം 50 ലക്ഷം രൂപ പിരിച്ചുതരണമെന്നു സംസ്ഥാന പ്രസിഡന്റ് സമ്മർദം ചെലുത്തി. പണപ്പിരിവിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ലാ പ്രസിഡന്റെന്ന നിലയിൽ തന്നെ വിമർശിക്കുകയും ചെയ്തു. ആ പ്രകോപനത്തിലാണു ശബ്ദസന്ദേശമിട്ടതെന്നാണു മൊഴി.

കെട്ടിടഫണ്ടിനു പകരം എന്തുകൊണ്ട് സർക്കാരിനുള്ള പണപ്പിരിവെന്ന് പറഞ്ഞെന്ന ചോദ്യത്തിന് അനിമോനു വ്യക്തമായ മറുപടിയുണ്ടായില്ല. അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞതാണെന്നും ഓർമയില്ലെന്നുമെല്ലാം പറഞ്ഞു തടിതപ്പി. ബാർ ഉടമകളായ 45 പേരുള്ള വാട്സാപ് ഗ്രൂപ്പിലാണു സന്ദേശമിട്ടത്. പണം നൽകാൻ താൽപര്യമില്ലാത്ത ആരെങ്കിലുമാവും ചോർത്തിയതെന്നാണ് അനിമോന്റെ വാദം.

തന്റേതല്ലെന്നു നിഷേധിക്കാത്ത സാഹചര്യത്തിൽ ശബ്ദസന്ദേശത്തിന്റെ ശാസ്ത്രീയ പരിശോധന വേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അന്വേഷണത്തിനായി പരാതി നൽകിയതു മന്ത്രി എം.ബി.രാജേഷിന്റെ ഓഫിസായതിനാൽ മന്ത്രിയുടെ മൊഴിയെടുക്കേണ്ടതുമില്ല.

∙ ‘ബാർ കോഴ ആരോപണത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ട്. മറ്റൊരു വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണിത്. മദ്യനയത്തിൽ ചർച്ച നടത്തിയിട്ടില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിവാദങ്ങളിലേക്ക് എന്റെ പേര് വലിച്ചിടുകയാണ്.’ – മന്ത്രി പി.എ.മുഹമ്മദ് റിയാസ്

English Summary:

Animon denies revelation in audio bite regarding money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com