എല്ലിന്റെ പൊട്ടൽ മറച്ചുവച്ച് ഡിസ്ചാർജ്, അറസ്റ്റ്; പരാതി മനുഷ്യാവകാശ കമ്മിഷനിൽ
Mail This Article
കോഴിക്കോട് ∙ തിരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ സംഘർഷത്തിൽ സാരമായി പരുക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകനെ പൊലീസ് നിർബന്ധിച്ച് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്ത് ജയിലിലടച്ചുവെന്ന് എം.കെ.മുനീർ എംഎൽഎ. കയ്യെല്ലിനു പൊട്ടലുള്ള കാര്യം അന്നു മെഡിക്കൽ കോളജിൽ നിന്നെടുത്ത എക്സ്റേയിൽ തന്നെ വ്യക്തമായിട്ടും ഡോക്ടർമാർ അതു വെളിപ്പെടുത്താതെ അറസ്റ്റിനു സൗകര്യമൊരുക്കിക്കൊടുത്തുവെന്നും മുനീർ ആരോപിച്ചു. പേരാമ്പ്ര നടുവണ്ണൂർ നൊച്ചാട് മാവട്ടയിൽ പി.സി.ലിജാസിനെയാണ് ഏപ്രിൽ 27ന് പുലർച്ചെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു ഡിസ്ചാർജ് ചെയ്ത് കൊണ്ടുപോയി റിമാൻഡ് ചെയ്തത്.
ലോക്സഭാ തിരഞ്ഞെടുപ്പു ദിവസം ലിജാസിന്റെ വീടിനു സമീപം സിപിഎം പ്രവർത്തകർ യുഡിഎഫ് പ്രവർത്തകരെ മർദിച്ചിരുന്നു. ബഹളം കേട്ടു ചെന്ന ലിജാസിനും മർദനമേറ്റു. സാരമായി പരുക്കേറ്റ ലിജാസിനെയും മറ്റുള്ളവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പിറ്റേന്നു പുലർച്ചെ തന്നെ പൊലീസെത്തി ലിജാസിനെ ഉൾപ്പെടെ ഡിസ്ചാർജ് ചെയ്തുകൊണ്ടുപോയി.
കൈക്ക് അസഹനീയമായ വേദനയുണ്ടെന്നു ലിജാസ് പറഞ്ഞെങ്കിലും കൈക്ക് പൊട്ടലുള്ള കാര്യം ഡോക്ടർമാർ മറച്ചുവച്ചു. തുടർന്നു 18 ദിവസത്തെ ജയിൽവാസത്തിനു ശേഷം സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോൾ എല്ല് പൊട്ടിയിട്ടുള്ളതായി ഡോക്ടർമാർ അറിയിച്ചു. അത്രയും ദിവസം കൊടിയ വേദന സഹിച്ചാണു ലിജാസ് ജയിലിൽ കഴിഞ്ഞത്. പൊലീസിന്റെ സമ്മർദം മൂലമാണു ഡോക്ടർമാർ ലിജാസിനെ ഡിസ്ചാർജ് ചെയ്തതെന്നു സംശയിക്കുന്നു.
അല്ലെങ്കിൽ, എക്സ്റേ നോക്കി അടിസ്ഥാന കാര്യം പോലും കണ്ടെത്താൻ കഴിയാത്തവരാണു മെഡിക്കൽ കോളജിലെ ഡോക്ടർമാരെന്നു സംശയിക്കേണ്ടി വരുമെന്നും മുനീർ പറഞ്ഞു. ഡോക്ടർമാരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് ലിജാസ് മനുഷ്യാവകാശ കമ്മിഷനു പരാതി നൽകി. സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കുമെന്നും എം.കെ. മുനീർ പറഞ്ഞു.
ആശുപത്രിയിൽ നിന്നു കൂടെ ചെന്നില്ലെങ്കിൽ ബലം പ്രയോഗിക്കേണ്ടി വരുമെന്നു പൊലീസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും, ഇതേ സംഘർഷത്തിൽ നിസ്സാര പരുക്കേറ്റ സിപിഎം പ്രവർത്തകരെ ഒരാഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നുവെന്നും ലിജാസ് പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളജ് അധികൃതരുടെ പ്രതികരണം ലഭ്യമായില്ല.