ട്രെയിനിൽ 2 പേരെ പാമ്പു കടിച്ചെന്ന് സംശയം; അത് പാമ്പല്ല, എലിയാകാം
Mail This Article
പട്ടാമ്പി / പെരിന്തൽമണ്ണ ∙ ട്രെയിനിൽ രണ്ടു യാത്രക്കാർക്കു പാമ്പുകടിയേറ്റെന്ന സംശയം പരിഭ്രാന്തി പരത്തി. കടിച്ചതു പാമ്പല്ലെന്നും ശരീരത്തിൽ വിഷാംശമില്ലെന്നും വൈദ്യപരിശോധനയിൽ കണ്ടെത്തിയതോടെ ആശങ്കയൊഴിഞ്ഞു. കോച്ചിൽ പിന്നീട് എലിയെ കണ്ടെത്തി.
ഇന്നലെ രാവിലെ തിരുവനന്തപുരം – നിലമ്പൂർ രാജ്യറാണി എക്സ്പ്രസിലും നിലമ്പൂർ – ഷൊർണൂർ എക്സ്പ്രസിലുമാണു സംഭവം. രാജ്യറാണി എക്സ്പ്രസിൽ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്ത ചെങ്ങന്നൂർ സ്വദേശി സ്വാതിക്കു തൃശൂരിലെത്തിയപ്പോഴാണു കയ്യിൽ എന്തോ കടിച്ചതായി തോന്നലുണ്ടായത്. ട്രെയിൻ വിട്ടതിനാൽ ഷൊർണൂരിൽ ഇറങ്ങി ഉടൻ റെയിൽവേ ആശുപത്രിയിൽ വിശദപരിശോധന നടത്തി. രക്തപരിശോധനയിലും തകരാർ കണ്ടെത്തിയില്ല.
ഈ ട്രെയിനിന്റെ കോച്ചുകൾ ഉപയോഗിച്ചു സർവീസ് നടത്തുന്ന നിലമ്പൂർ – ഷൊർണൂർ ട്രെയിൻ വല്ലപ്പുഴയിൽ എത്തിയപ്പോൾ, ഷൊർണൂർ വിഷ്‌ണു ആയുർവേദ കോളജിൽലെ ഹൗസ് സർജൻ പൂക്കോട്ടുംപാടം അഞ്ചാംമൈലിൽ തയ്യൽപാറക്കൽ ഡോ.ഗായത്രിക്കു കാലിൽ പാമ്പു കടിച്ചതായി സംശയം തോന്നി. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ, പാമ്പു കടിച്ചതല്ലെന്നു ഡോക്ടർമാർ വ്യക്തമാക്കി. രണ്ടു മണിക്കൂർ നിരീക്ഷണത്തിനുശേഷം അവർ ആശുപത്രി വിട്ടു.
ട്രെയിൻ ഷൊർണൂർ എത്തിയശേഷം കോച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. നിലമ്പൂരിൽ തിരിച്ചെത്തിയപ്പോൾ ആർപിഎഫ് – ആർആർടി എന്നിവരുടെ നേതൃത്വത്തിൽ പാമ്പു പിടിത്തക്കാർ ഉൾപ്പെട്ട സംഘം നടത്തിയ പരിശോധനയിൽ എലിയെ കണ്ടെത്തി. പാമ്പു കടിച്ചെന്ന പ്രചാരണം ശരിയല്ലെന്നു പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.