എകെജി സെന്ററിനു നേരെ പടക്കമെറിഞ്ഞ കേസ്: കുറ്റപത്രം നൽകി
Mail This Article
തിരുവനന്തപുരം∙ എകെജി സെന്ററിനു നേർക്കു പടക്കമെറിഞ്ഞ സംഭവത്തിന്റെ രണ്ടാം വാർഷികമാകാൻ ഒരുമാസം ബാക്കി നിൽക്കെ കേസിൽ പൊലീസ് കുറ്റപത്രം നൽകി. ആസൂത്രകനെന്നു പൊലീസ് കരുതുന്ന രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ, ആക്രമണത്തിനു പ്രതിയെത്തിയ സ്കൂട്ടറിന്റെ ഉടമയും മൂന്നാം പ്രതിയുമായ സുധീഷ് എന്നിവരെ ഇനിയും പിടിക്കാനായിട്ടില്ല. 2022 ജൂലൈ ഒന്നിനായിരുന്നു പടക്കമേറ്.
-
Also Read
ലണ്ടനിൽ മലയാളി പെൺകുട്ടിക്കു വെടിയേറ്റു
നാലു പ്രതികളുള്ള കേസിൽ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി.ജിതിൻ, സുഹൃത്ത് നവ്യ എന്നിവരെയാണു പൊലീസിന് അറസ്റ്റ് ചെയ്യാനായത്. കുറ്റപത്രം അംഗീകരിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പ്രതികൾ 13നു ഹാജരാകണമെന്നു നിർദേശിച്ചു.നവ്യയുടെ സഹായത്തോടെ സ്കൂട്ടർ സംഘടിപ്പിച്ച് എകെജി സെന്ററിനു മുൻപിലെത്തി ജിതിൻ സ്ഫോടകവസ്തുവെറിഞ്ഞെന്നാണു പൊലീസ് കണ്ടെത്തൽ. ഒന്നാം പ്രതിയായ ജിതിനെ 85 ദിവസത്തിനുശേഷമാണ് അറസ്റ്റ് ചെയ്തത്. കെപിസിസി ഓഫിസിലേക്കു ഡിവൈഎഫ്ഐ പ്രതിഷേധ പരിപാടി നടത്തുകയും ഓഫിസ് ആക്രമിക്കാൻ തുനിയുകയും ചെയ്തതിന്റെ വൈരാഗ്യത്തിൽ സുഹൈൽ ഷാജഹാനാണു പദ്ധതി ആസൂത്രണം ചെയ്തതെന്നാണു കുറ്റപത്രത്തിലുള്ളത്.
സുരക്ഷ തുടരുന്നു
പടക്കമേറിനു രണ്ടു വർഷം തികയാറാകുമ്പോഴും, ഇതിന്റെ പേരിൽ എകെജി സെന്ററിനു നൽകിയിരിക്കുന്ന പൊലീസ് സുരക്ഷ പിൻവലിച്ചിട്ടില്ല. ഓഫിസിനു പുറത്തെ നടപ്പാതയിൽ പ്രചാരണ ബോർഡിനടിയിലാണു മഴയും വെയിലും കൊണ്ടു പൊലീസുകാർ കാവൽ നിൽക്കുന്നത്. അതേസമയം, ഡിവൈഎഫ്ഐയുടെ കല്ലേറുണ്ടായ ഇന്ദിരാഭവനു പൊലീസ് സുരക്ഷ നൽകിയിട്ടുമില്ല.