സിബിഐ ആണെന്ന് പരിചയപ്പെടുത്തി; മലയാളി വിദ്യാർഥികളിൽനിന്ന് തോക്ക് ചൂണ്ടി പണം കവർന്നു
Mail This Article
ബെംഗളൂരു∙ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന തോക്കു ചൂണ്ടി മലയാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പണം കവർന്ന 4 തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിലായി. പ്രമോദ്, ദീപക്, അനന്തകൃഷ്ണൻ, ആദർശ് എന്നിവരാണു കേരളത്തിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ഹൊസൂരിൽ പൊലീസ് പിടിയിലായത്. ഹെസറഘട്ട ആചാര്യ കോളജിലെ ഡിഗ്രി വിദ്യാർഥികൾ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ 27ന് രാത്രിയാണ്
കവർച്ച നടന്നത്. സിബിഐയിൽ നിന്നാണെന്നു പരിചയപ്പെടുത്തി തിരിച്ചറിയൽ കാർഡ് കാണിച്ച സംഘം കൊല്ലം സ്വദേശികളായ അമൽ ഷെരീഫ്, അജിൻ, അൽത്താഫ്, സിബിൻ, ഹർഷത്, പത്തനംതിട്ട സ്വദേശി ബെൻലി എന്നിവരുടെ മുറി മുറി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
ലഹരിമരുന്ന് കണ്ടെത്തിയതായും കേസെടുക്കാതിരിക്കാൻ 3 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ വിദ്യാർഥികളിൽ ഒരാളെ മർദിച്ചു. തുടർന്ന് ഗൂഗിൾ പേ വഴി 9000 രൂപ അക്കൗണ്ടിലേക്ക് കൈമാറി. തുടർന്ന് വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.