കലക്ടറുടെ ചേംബറിൽ ആനക്കൊമ്പ്; വനംവകുപ്പ് അന്വേഷണം തുടങ്ങി
Mail This Article
കൽപറ്റ ∙ വയനാട് കലക്ടറുടെ ചേംബറിൽ ആനക്കൊമ്പുകളുടെ പ്രദർശനം വിവാദമായതോടെ വനംവകുപ്പ് അന്വേഷണം തുടങ്ങി. കലക്ടറുടെ കസേരയുടെ പിന്നിൽ ആനക്കൊമ്പുകൾ പ്രദർശിപ്പിക്കുന്നതു നിയമവിരുദ്ധമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് മടക്കിമല സ്വദേശി ഇളങ്ങോളി അബ്ദുറഹ്മാൻ നൽകിയ പരാതിയിൽ വനംവകുപ്പ് വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ് കൽപറ്റ യൂണിറ്റാണ് അന്വേഷണമാരംഭിച്ചത്.
കലക്ടറേറ്റിൽ കഴിഞ്ഞദിവസം ജീവനക്കാരുടെ യാത്രയയപ്പു ചടങ്ങിൽ ഈ ആനക്കൊമ്പുകൾക്കു മുന്നിൽ കലക്ടർ രേണുരാജ് നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇക്കാര്യം വീണ്ടും ചർച്ചയായത്. കലക്ടറുടെ ചേംബറിൽ സൂക്ഷിക്കാനായി 24 വർഷം മുൻപ് വനംവകുപ്പ് തന്നെ വിട്ടുനൽകിയതാണിവ.
ഇതിന് അനുമതി നൽകി 1990 ഡിസംബർ 21ന് വനംവകുപ്പ് അണ്ടർ സെക്രട്ടറി ഉത്തരവിട്ടിരുന്നു. 1989ൽ അന്നത്തെ കലക്ടർ മൈക്കിൾ വേദശിരോമണിയെ ചേകാടിയിൽ ആക്രമിച്ച ആനയുടെ കൊമ്പുകളാണിതെന്നു പറയപ്പെടുന്നു. ഈ ആന പിന്നീട് വനത്തിനുള്ളിൽ മറ്റൊരാനയുമായി ഏറ്റുമുട്ടി ചരിഞ്ഞതിനെത്തുടർന്നു കൊമ്പുകൾ വനംവകുപ്പ് സൂക്ഷിക്കുകയായിരുന്നു.
എന്നാൽ, ആനക്കൊമ്പുകൾ കൈവശം വയ്ക്കുന്നതിന് കലക്ടർക്ക് ലൈസൻസ് നൽകിയിട്ടില്ലെന്നാണു ചെതലയം സ്വദേശി കുഞ്ഞിമുഹമ്മദിനു ലഭിച്ച വിവരാവകാശ മറുപടി. കലക്ടറുടെ ചേംബറിലെ ആനക്കൊമ്പുകൾ നേരത്തേ ഉള്ളതാണെന്നും ഇതിനുള്ള അനുമതി ലഭ്യമായിട്ടുണ്ടെന്നാണ് അറിവെന്നും കലക്ടർ രേണുരാജ് പറഞ്ഞു.