മുഖ്യമന്ത്രിയുടെ പിഎസിന്റെ സഹോദരനെ കൊല്ലാൻ ശ്രമിച്ചയാൾക്ക് ആഭ്യന്തര വകുപ്പ് വക ‘സഹായം’
Mail This Article
പോത്തൻകോട് (തിരുവനന്തപുരം) ∙ മുഖ്യമന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ കിണറ്റിലിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ആഭ്യന്തര വകുപ്പിന്റെ ഇടപെടലിൽ കരുതൽ തടങ്കൽ കാലാവധി കുറച്ചു വിട്ടയച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ സിന്തറ്റിക് ലഹരി കടത്തിയ സംഭവത്തിൽ പ്രതി വീണ്ടും പിടിയിലായി.
മുപ്പതോളം കേസുകളിൽ പ്രതിയായ അണ്ടൂർക്കോണം പായ്ച്ചിറ ചായ്പ്പുറത്തു വീട് ഷഫീഖ് മൻസിലിൽ ഷഫീഖിനെ ( 28 ) മാർച്ച് 12നാണ് കലക്ടറുടെ ഉത്തരവിൽ കാപ്പ ചുമത്തി വിയ്യൂർ സെൻട്രന‍് ജയിൽ കരുതൽ തടങ്കലിലാക്കിയത്.
അവിടെ ജയിൽ വാർഡനെ കയ്യേറ്റം ചെയ്തതിനും കേസുണ്ട്. കരുതൽ തടങ്കൽ 6 മാസമാണെന്നിരിക്കെ, മേയ് 16ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ക്ലീൻ ചിറ്റ് നൽകി പുറത്തിറങ്ങാൻ സാഹചര്യം ഒരുക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച കോവളം-കാരോട് ബൈപാസ് പുറുത്തിവിളയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 78ഗ്രാം എംഡിഎംഎ ആന്റി നർകോട്ടിക് വിഭാഗം പിടികൂടിയിരുന്നു. ഈ സംഘത്തിലെ പ്രധാനിയാണ് ഷഫീഖ്.
ഷഫീഖ് ഉൾപ്പെട്ട സംഘം 2023 ജനുവരി 15നാണ് മുഖ്യമന്ത്രിയുടെ സ്പെഷൽ പിഎസ് രാജശേഖരൻ നായരുടെ സഹോദരൻ ശ്രീകുമാരൻ നായരെ കിണറ്റിലിട്ടു കൊല്ലാൻ ശ്രമിച്ചത്.
ഷഫീഖിന്റെ ക്രിമിനൽ പശ്ചാത്തലം ഇങ്ങനെ
∙ 2023 ജനുവരി 10: അഞ്ചുതെങ്ങ് സ്വദേശി അജിത്തിനെ തട്ടി കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചു. മൊബൈൽ കവർന്നു
∙ 2023 ജനുവരി 11: കഴക്കൂട്ടം പുത്തൻതോപ്പ് അണക്കപ്പിള്ളപ്പാലത്തിനു സമീപം ലൗലാന്റിൽ നിഖിൽ നോബെർട്ടിനെ (21)നെ തട്ടിക്കൊണ്ടുപോയി. വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൂരമായി മർദിച്ചു. വീട്ടുകാരോട് 3 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.
∙ 2023 ജനുവരി 13 : സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിച്ചെത്തിയ പൊലീസുകാർക്കു നേരെ ബോംബെറിഞ്ഞു. തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. പിന്നീടുള്ള പരിശോധനയിൽ ഷഫീഖിന്റെ വീട്ടിൽ നിന്ന് ഒന്നര ലക്ഷത്തോളം വിലയുള്ള 34 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
∙ 2023 ജനുവരി 15: മുഖ്യമന്ത്രിയുടെ സ്പെഷൽ പിഎസ് രാജശേഖരൻ നായരുടെ സഹോദരൻ ശ്രീകുമാരൻ നായരെ കിണറ്റിലിട്ടു കൊല്ലാൻ ശ്രമിച്ചു. വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകവേ വെള്ളനാട് പിഎച്ച്സിയിൽ പൊലീസുകാരെ ആക്രമിച്ചു
∙ 2023 നവംബർ 21: കൂട്ടുപ്രതി ഹരികൃഷ്ണനെ വീട്ടിൽ വിളിച്ചുവരുത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.
∙ 2024 മാർച്ച് 20: വിചാരണയ്ക്കു കൊണ്ടുപോകവേ ഇടയ്ക്ക് കോട്ടയം സബ്ജയിലിൽ വച്ച് ജയിൽ അധികൃതരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തതിനും കേസ്.