അതിജീവിതയുടെ ആത്മഹത്യ പുനരന്വേഷണം ആവശ്യപ്പെട്ട് അമ്മ ഐജിക്ക് പരാതി നൽകി
Mail This Article
കോഴിക്കോട്∙ തേഞ്ഞിപ്പലം പോക്സോ കേസിലെ ഇരയും അവിവാഹിതയുമായ പെൺകുട്ടി ആത്മഹത്യ ചെയ്തതിനു കാരണം ഭർത്താവുമായുള്ള അസ്വാരസ്യമാണെന്ന പരാമർശം തെറ്റാണെന്നും സംഭവത്തിൽ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉത്തരമേഖലാ ഐജിക്ക് പരാതി. കുട്ടിയുടെ മാതാവാണ് ഇന്നലെ ഐജി ഓഫിസിലെത്തി പരാതി നൽകിയത്.അന്വേഷണ ഉദ്യോഗസ്ഥനെതിരെ പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പിൽ പരാമർശം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തു ജാഗ്രതക്കുറവുണ്ടായെന്നു റിപ്പോർട്ട് ലഭിച്ചത്.
-
Also Read
വെടിയേറ്റ പെൺകുട്ടിയുടെ നില ഗുരുതരം
എന്നാൽ, ജാഗ്രതക്കുറവു കാട്ടിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെന്ന പരാതിക്ക് ഉത്തരമേഖലാ ഐജി നൽകിയ മറുപടിയിൽ അവിവാഹിതയായ പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണം ഭർത്താവുമായുള്ള അസ്വാരസ്യം ആണെന്നാണ് രേഖപ്പെടുത്തിയത്.അന്വേഷണ ഉദ്യോഗസ്ഥൻ സംഭവസ്ഥലത്ത് തെളിവെടുപ്പിനിടെ തന്നെക്കുറിച്ച് നാട്ടുകാരോട് മോശം പരാമർശം നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ആരോപണവിധേയനായ പൊലീസുകാരനെക്കുറിച്ച് ഫറോക്ക് എസിപി നൽകിയ റിപ്പോർട്ടിലുള്ള പരാമർശങ്ങളിൽ നടപടിയെടുത്തിട്ടില്ല. പെൺകുട്ടിക്കു മരണശേഷമെങ്കിലും നീതി കിട്ടാൻ നടപടി വേണമെന്നും അമ്മയുടെ പരാതിയിൽ പറയുന്നു.
അതേസമയം, ഇതേ ഉദ്യോഗസ്ഥനെതിരെ സ്ത്രീവിരുദ്ധ പ്രവൃത്തികളിൽ മുൻപും കേസുകളുണ്ടെന്നും ആരോപണമുണ്ട്. നിലമ്പൂരിൽ എസ്ഐ ആയിരുന്ന കാലത്ത് അഞ്ചുമാസം ഗർഭിണിയായിരുന്ന പൊലീസ് ഉദ്യോഗസ്ഥയെ ചവിട്ടുകയും സഹോദരനെ മർദിക്കുകയും ചെയ്തതായി നിലമ്പൂർ കോടതിയിൽ കേസുണ്ടായിരുന്നു.
ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരുടെ പട്ടികയിൽ പെടുത്തണമെന്നും ഉദ്യോഗസ്ഥയുടെ കുടുംബം പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
പരാതി തുടർനടപടിക്കായി അയയ്ക്കുമെന്ന് ഉത്തരമേഖലാ ഐജി അന്ന് കുടുംബത്തിനു രേഖാമൂലം മറുപടി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.