മേയ് 28ന് കളമശേരിയിൽ പെയ്ത മഴ: അത് മേഘവിസ്ഫോടനം തന്നെയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്
Mail This Article
കൊച്ചി ∙ ഒരാഴ്ച മുൻപ്, മേയ് 28ന് കളമശേരിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായ ശക്തമായ മഴയ്ക്കു കാരണം മേഘവിസ്ഫോടനം തന്നെയെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പും. കുസാറ്റ് കാലാവസ്ഥാ പഠന കേന്ദ്രം നേരത്തേ ഇതു ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ സ്ഥിരീകരണം ലഭിച്ചിരുന്നില്ല കുസാറ്റ് ക്യാംപസിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച്ചിലെ (എസിഎആർആർ) ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ 28നു രാവിലെ 9.30നു 10.30നും ഇടയിലുള്ള ഒരു മണിക്കൂറിൽ 10.3 സെന്റിമീറ്റർ മഴയാണു രേഖപ്പെടുത്തിയത്.
കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കളമശേരിയിലുള്ള ഓട്ടമാറ്റിക് വെതർ സ്റ്റേഷനിലും ഇതേ സമയത്ത് 10 സെമി മഴ രേഖപ്പെടുത്തി. ഒരു സ്ഥലത്തു മണിക്കൂറിൽ 10 സെന്റിമീറ്ററിനു മുകളിൽ മഴ ലഭിച്ചാൽ മേഘവിസ്ഫോടനം സംഭവിച്ചുവെന്നു കരുതാമെന്നാണു ലോക മീറ്റിയറോളജിക്കൽ സംഘടനയുടെ നിർവചനം. ഈ സാഹചര്യത്തിൽ കളമശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള മഴയ്ക്കു കാരണം മേഘവിസ്ഫോടനമാണെന്നു കരുതാമെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ സെൽഫ് റെക്കോർഡിങ് റെയ‌്ൻ ഗേജിൽ (എസ്ആർആർജി) 2010 മാർച്ച് 26ന് രാത്രി 9 മുതൽ 10 വരെയുള്ള ഒരു മണിക്കൂറിൽ 92 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മേയ് 28നു കളമശേരി മേഖലയിലുണ്ടായതു കേരളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മേഘവിസ്ഫോടനമായിരിക്കില്ല. മൺസൂൺ കാലത്ത് പശ്ചിമഘട്ടത്തിലെ മലനിരകളിൽ ഇത്തരത്തിൽ മേഘവിസ്ഫോടനമുണ്ടാകാറുണ്ട്. എന്നാൽ, ഈ മേഖലകളിൽ നിരീക്ഷണ കേന്ദ്രങ്ങളില്ലാത്തതിനാൽ ഇത്തരം മേഘവിസ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യാറില്ലെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.