ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ വിജയം നേടിയെങ്കിലും തോറ്റ മണ്ഡലങ്ങളിലും ഭൂരിപക്ഷം കുറഞ്ഞിയിടങ്ങളിലും കോൺഗ്രസിൽ പൊട്ടിത്തെറി. തൃശൂർ, ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണു പിന്നോട്ടു പോയതിന്റെ കാരണമായി സംഘടനാ പ്രശ്നങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്ഥാനാർഥിയും പാർട്ടി സംവിധാനവും തമ്മിലുള്ള ഭിന്നതകളും മറനീക്കി.

തോൽവിക്കുപിന്നാലെ തൃശൂർ ജില്ലയിലെ നേതാക്കൾക്കെതിരെ കെ. മുരളീധരൻ പരസ്യമായി രംഗത്തുവന്നു. മുൻ എംപി ടി.എൻ.പ്രതാപന്റെയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിലേക്കു വരെ കാര്യങ്ങളെത്തി. ഡിസിസി ഓഫിസിനു മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു.

അനിൽ അക്കരയോടും  ടി.എൻ.പ്രതാപനോടും കെ.മുരളീധരൻ അദ്ദേഹത്തിന്റെ വീട്ടിൽനിന്നു പോകാൻ ആവശ്യപ്പെട്ട സംഭവവുമുണ്ടായി. ലീഗും അടിയന്തര യോഗം ചേർന്നു കോൺഗ്രസ് നേതൃത്വത്തെ പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചു. രാഷ്ട്രീയത്തിൽനിന്ന് ഇടവേളയെടുക്കുന്നുവെന്നു പ്രഖ്യാപിച്ച മുരളീധരനെ മെരുക്കാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പി.കെ.കുഞ്ഞാലിക്കുട്ടിയുമെല്ലാം രംഗത്തിറങ്ങേണ്ടിവന്നു. 

ആലത്തൂരിലെ പരാജയത്തിനു കാരണം സംഘടനാപ്രശ്നമല്ലെന്നും സ്ഥാനാർഥിയായ രമ്യ ഹരിദാസിന്റെ ഭാഗത്തുനിന്നു വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നുമുള്ള ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്റെ വാക്കുകൾ പാലക്കാട് കോൺഗ്രസിൽ തർക്കത്തിനു വഴി തുറന്നു. ഡിസിസി പ്രസിഡന്റിനെതിരെ പാലക്കാട് നഗരത്തിലും മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തിരഞ്ഞെടുപ്പിനു മുൻപും പ്രചാരണസമയത്തും രമ്യയുടെ ഭാഗത്തു നിന്നുണ്ടായ പ്രശ്നങ്ങൾ നേതാക്കൾ ചൂണ്ടിക്കാണിച്ചിട്ടും രമ്യയും ഡിസിസി പ്രസിഡന്റും ഇവ പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ലെന്ന വാദവുമുണ്ട്.  

ആറ്റിങ്ങലിലും പരാതി

തോൽവിയുടെ വക്കിലെത്തിയശേഷം വിജയിച്ച ആറ്റിങ്ങലിൽ അടൂർ പ്രകാശ് തന്നെ പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെയുള്ള നീരസം പരസ്യമായി പ്രകടിപ്പിച്ചു. സംഘടനാപരമായ പ്രശ്നങ്ങൾ പലയിടത്തും വോട്ടു കുറയാൻ കാരണമായെന്നാണ് പ്രകാശിന്റെ വിമർശനം. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സമയത്തും വോട്ടർ പട്ടിക സംബന്ധിച്ച പ്രവർത്തനവും ബൂത്ത്തല മുന്നൊരുക്കവും നടത്താത്തതിന്റെ പേരിൽ അടൂർ പ്രകാശ് പാർട്ടി യോഗത്തിൽ ഡിസിസി പ്രസിഡന്റിനെ വിമർശിച്ചിരുന്നു.

English Summary:

Issues in Congress despite big win in Loksabha election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com