അപ്രതീക്ഷിത അംഗീകാരം; ജോർജ് കുര്യന്റേത് വിദ്യാർഥി മോർച്ചയിലൂടെ തുടങ്ങിയ രാഷ്ട്രീയപ്രവർത്തനം
Mail This Article
കോട്ടയം ∙ 44 വർഷം മുൻപ് ബിജെപി രൂപീകൃതമായപ്പോൾ ഒപ്പം ചേർന്നു നടന്നു തുടങ്ങിയതാണ് ജോർജ് കുര്യൻ. പിന്നീട് കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ യാത്ര. അതിലൊന്നും തളരാതെ പാർട്ടിയുടെ വളർച്ചയ്ക്കുവേണ്ടി പ്രവർത്തിച്ചതിനു സമ്മാനമായി ഇപ്പോഴിതാ കേന്ദ്രമന്ത്രിപദവി.
-
Also Read
സന്തോഷം നിറഞ്ഞ് നമ്പ്യാകുളം
പാർട്ടിക്കൊപ്പം നടന്ന വർഷങ്ങളുടെ പെരുമ ജോർജ് കുര്യൻ ഇടയ്ക്കിടെ ഓർക്കും. പാർട്ടിയിലേക്ക് ഇന്നലെ വന്ന ആളല്ല താനെന്ന് അഭിമാനം കൊള്ളുന്നതാണത്. പ്രവൃത്തികൊണ്ടോ പ്രസംഗംകൊണ്ടോ ഒരിക്കലും പ്രസ്ഥാനത്തിനു പ്രതിസന്ധിയുണ്ടാക്കിയിട്ടില്ല എന്നതാണ് അദ്ദേഹത്തെ വേറിട്ട നേതാവാക്കുന്നത്. ന്യൂനപക്ഷത്തെ പാർട്ടിയിലേക്ക് അടുപ്പിക്കുന്ന പാലമായി പ്രവർത്തിച്ചയാളെ കേന്ദ്രമന്ത്രിയാക്കാനുള്ള ബിജെപി തീരുമാനം തന്ത്രപ്രധാനമെന്നാണു വിലയിരുത്തൽ.
വിദ്യാർഥിമോർച്ചയിലൂടെ 1980ൽ രാഷ്ട്രീയപ്രവർത്തനം തുടങ്ങി. നാട്ടകം ഗവ. കോളജിൽ പഠിക്കുമ്പോൾ എസ്എഫ്ഐക്കാരുമായുള്ള സംഘർഷത്തിൽ പലപ്പോഴും പരുക്കേറ്റു. തിരുനക്കര തെക്കേനടയിലെ ആർഎസ്എസ് കാര്യാലയത്തിൽ അഭയം തേടേണ്ടതായും വന്നിട്ടുണ്ട്.
മാന്നാനം കെഇ കോളജ്, നാട്ടകം ഗവ. കോളജ്, പാലാ സെന്റ് തോമസ് കോളജ്, എംജി സർവകലാശാലാ സ്കൂൾ ഓഫ് ലീഗൽ തോട്സ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസകാലത്തെല്ലാം സംഘടനാ പ്രവർത്തനം സജീവമായിരുന്നു.
നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മിഷൻ മുൻ വൈസ് ചെയർമാനാണ്. വിദ്യാർഥിമോർച്ച ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, യുവമോർച്ച ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്, വക്താവ്, ദേശീയ നിർവാഹക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.
ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവുമുണ്ട്. ഒ.രാജഗോപാൽ കേന്ദ്രമന്ത്രിയായിരിക്കെ പഴ്സനൽ സ്റ്റാഫ് അംഗം. പാർട്ടി നയരൂപീകരണ സമിതി അംഗമായും പ്രവർത്തിച്ചു. മൂന്നുതവണ ലോക്സഭയിലേക്കും ഒരു തവണ നിയമസഭയിലേക്കും മത്സരിച്ചു. ജോർജ് കുര്യന്റെ മന്ത്രിപദവി റബർ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലടക്കം സംസ്ഥാനത്തിനു ഗുണകരമാകുമെന്നാണു പ്രതീക്ഷ.