മുല്ലപ്പെരിയാർ: മേൽനോട്ട സമിതിയുടെ പരിശോധന നാളെ മുതൽ
Mail This Article
കുമളി∙ മുല്ലപ്പെരിയാർ മേൽനോട്ട സമിതി നാളെയും മറ്റന്നാളും അണക്കെട്ടിൽ പരിശോധന നടത്തും. 2023 മാർച്ചിലാണ് സമിതി അവസാനമായി അണക്കെട്ടിൽ പരിശോധന നടത്തിയത്. അതിനു ശേഷം അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികളും വള്ളക്കടവിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് വനമേഖലയിലൂടെയുള്ള റോഡിന്റെ അവസ്ഥയും സംഘം പരിശോധിക്കും. 2014ൽ പെരിയാർ അണക്കെട്ട് നിരീക്ഷിക്കാനും പരിപാലിക്കാനും സുപ്രീം കോടതി മൂന്നംഗ മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
പിന്നീട് ഇരുസംസ്ഥാനങ്ങളിൽ നിന്നും ഓരോ സാങ്കേതിക വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി ഇത് അഞ്ചംഗ കമ്മിറ്റിയായി മാറ്റി. കേന്ദ്ര ജലകമ്മിഷൻ ചീഫ് എൻജിനീയർ രാഗേഷ് കാശ്യപ് ചെയർമാനായുള്ള കമ്മിറ്റിയിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത് പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിങ്ങും ഇന്റർ സ്റ്റേറ്റ് വാട്ടർ ചീഫ് എൻജിനീയർ ആർ.പ്രിയേഷുമാണ്. കാവേരി സെൽ ചെയർമാൻ സുബ്രഹ്മണ്യം, അഡീ.ചീഫ് സെക്രട്ടറി സന്ദീപ് സക്സേന എന്നിവരാണ് തമിഴ്നാട് പ്രതിനിധികൾ. അണക്കെട്ടിലെ പരിശോധനകൾക്കു ശേഷം കുമളി മുല്ലപ്പെരിയാർ ഇറിഗേഷൻ വിഭാഗം ഓഫിസിൽ യോഗം ചേർന്ന് പരിശോധനാ റിപ്പോർട്ടിനു രൂപം നൽകും.