വയനാടോ റായ്ബറേലിയോ?: രണ്ടു നാടിനും സന്തോഷം നൽകുന്ന തീരുമാനമെടുക്കും: രാഹുൽ ഗാന്ധി
Mail This Article
കൽപറ്റ ∙ വയനാട് ലോക്സഭാ മണ്ഡലം ഒഴിയുമോ എന്ന കാര്യത്തിൽ രാഹുൽ ഗാന്ധി സസ്പെൻസ് നിലനിർത്തി. ഇന്നലെ വയനാട്ടിലെ വോട്ടർമാർക്കു നന്ദി പറയാനായി എത്തിയ രാഹുൽ എടവണ്ണയിലും കൽപറ്റയിലും നടന്ന പൊതുയോഗങ്ങളിലൊന്നും ഏതു മണ്ഡലമാകും നിലനിർത്തുകയെന്നു വ്യക്തമാക്കിയില്ല. എന്നാൽ, എന്തു തീരുമാനമെടുത്താലും വയനാടിനും റായ്ബറേലിക്കും സന്തോഷത്തോടെ സ്വീകരിക്കാനാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വയനാടോ റായ്ബറേലിയോ എന്ന് പല ആളുകളും ഊഹാപോഹം നടത്തുകയാണ്. എനിക്കൊഴികെ എല്ലാവർക്കും അതിന്റെ ഉത്തരമറിയാം. രാഷ്ട്രീയത്തിൽ എല്ലാവർക്കും എല്ലാമറിയാം. എന്നാൽ, ആ തീരുമാനം എടുക്കേണ്ടയാൾ മാത്രം അത് അറിയണമെന്നില്ല– രാഹുൽ ഗാന്ധി കൽപറ്റയിലെ പൊതുയോഗത്തിൽ പറഞ്ഞു.
കുടുംബാംഗത്തെപ്പോലെ പരിഗണിച്ചതിനും പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെനിന്നതിനും വയനാട്ടിലെ ഓരോ വോട്ടർമാരോടും രാഹുൽ നന്ദി പറഞ്ഞു. 2 വർഷം ജയിൽശിക്ഷ വിധിച്ചപ്പോഴും കേന്ദ്ര ഏജൻസികൾ വേട്ടയാടിയപ്പോഴും വയനാട്ടുകാർ കൂടെ നിന്നു. ബിജെപി എന്റെ ഔദ്യോഗിക വസതി എടുത്തുമാറ്റിയപ്പോൾ, തങ്ങളുടെ വീട്ടിൽ വന്നുനിൽക്കൂ എന്നാവശ്യപ്പെട്ട് വയനാട്ടുകാർ കത്തെഴുതി. പ്രതിസന്ധിയുണ്ടായപ്പോൾ ഒപ്പംനിന്ന വയനാട്ടുകാരുടെ സ്നേഹത്തെയും പിന്തുണയെയുമാണ് തിരഞ്ഞെടുപ്പിൽ നല്ല വിജയം സമ്മാനിച്ചതിനെക്കാൾ പ്രധാനപ്പെട്ടതായി കാണുന്നത്. വയനാടുമായുള്ള ബന്ധത്തെക്കുറിച്ചു പറയാൻ 20-30 പ്രസംഗങ്ങൾ നടത്തിയാലും മതിയാകില്ല- രാഹുൽ ഗാന്ധി പറഞ്ഞു.
ഒഴിയുമെന്ന് സൂചിപ്പിച്ച് കെ. സുധാകരൻ
കൽപറ്റ ∙ രാഹുൽ ഗാന്ധി മണ്ഡലം ഒഴിയുന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായില്ലെങ്കിലും ‘രാഹുലിനു വയനാട്ടിൽ വന്നുനിൽക്കാനാകില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും അതിൽ ദുഃഖിച്ചിട്ടു കാര്യമില്ലെ’ന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കൽപറ്റയിലെ പൊതുയോഗത്തിലാണ് രാഹുൽ ഗാന്ധി വയനാട് ഒഴിയുമെന്ന് കെപിസിസി പ്രസിഡന്റ് സൂചിപ്പിച്ചത്.
ഇന്ത്യയെ നയിക്കേണ്ട ചുമതലയുള്ള രാഹുൽ ഗാന്ധിക്കു വയനാട്ടിൽ വന്നു നിൽക്കാൻ കഴിയില്ല. നമ്മൾ എല്ലാവരും അത് ഉൾക്കൊള്ളണം. ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിൽ രാഹുലിന്റെ വളർച്ച വളരെ വേഗത്തിലാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഒരു വടവൃക്ഷമാകാൻ പോകുന്നു. അതിൽ നമുക്ക് അഭിമാനവും സന്തോഷവുമുണ്ട്. വയനാടിനെ ഒഴിവാക്കി രാഹുൽ പോകുമോ എന്ന ദുഃഖമുണ്ട്. എന്നാൽ, ദുഃഖിച്ചിരുന്നിട്ടു കാര്യമില്ല – സുധാകരൻ പറഞ്ഞു. വേദിയിൽ രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയുടെ ചിത്രം മാത്രമാണ് ഉണ്ടായിരുന്നത്. രാഹുൽ വയനാട് ഒഴിയുകയാണെങ്കിൽ പകരം പ്രിയങ്കയെത്തുമെന്ന അഭ്യൂഹവും ശക്തമാണ്.