ടിഷ്യു പേപ്പർ, ക്രാഫ്റ്റ് പേപ്പർ നിർമാണം: പുതിയ മേഖലയിലേക്ക് കെപിപിഎൽ
Mail This Article
കോട്ടയം ∙ ഒരു വർഷത്തിനുള്ളിൽ ഉൽപന്ന വൈവിധ്യവൽക്കരണം എന്ന ലക്ഷ്യവുമായി കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (കെപിപിഎൽ). 2025 അവസാനത്തോടെ സ്പെഷ്യൽറ്റി പേപ്പർ നിർമാണം, പാക്കേജിങ് എന്നിവ ആരംഭിക്കും. ഇതിനായി പ്ലാന്റ് സ്ഥാപിക്കാനും നടപടി തുടങ്ങി. വായ്പയ്ക്കായി വ്യവസായ വകുപ്പിന്റെ അനുമതി ആവശ്യമാണ്.
ടിഷ്യു പേപ്പർ, ക്രാഫ്റ്റ് പേപ്പർ തുടങ്ങിയ വിവിധതരം സ്പെഷ്യൽറ്റി പേപ്പറുകളും നോട്ട് ബുക്കുകളിൽ ഉപയോഗിക്കുന്ന പേപ്പറും നിർമിക്കും. പത്രക്കടലാസ് നിർമാണമാണ് ഇപ്പോൾ കമ്പനിയിൽ നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ 6500 ടൺ ന്യൂസ്പ്രിന്റ് പ്രതിമാസം ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണു കമ്പനി കണക്കു കൂട്ടുന്നത്. മേയ് മാസത്തിൽ 5236 ടൺ ന്യൂസ് പ്രിന്റ് ഉൽപാദിപ്പിച്ചു. വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന ഉൽപാദനമാണിത്.
മഞ്ഞക്കൊന്ന പേപ്പറാകും
പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിച്ചു വനത്തിൽ കാണപ്പെടുന്ന മഞ്ഞക്കൊന്ന പൾപ്പാക്കി ന്യൂസ്പ്രിന്റ് നിർമാണത്തിന്റെ അസംസ്കൃത വസ്തുവാക്കി മാറ്റാമെന്ന കെപിപിഎല്ലിന്റെ നിർദേശത്തിന് സർക്കാർ അനുമതി ലഭിച്ചു. തമിഴ്നാട് ന്യൂസ് പ്രിന്റ് ലിമിറ്റഡും (ടിഎൻപിഎൽ) മഞ്ഞക്കൊന്ന പൾപ്പാക്കി മാറ്റാൻ ശേഖരിക്കുന്നുണ്ട്.