ഒന്നരമാസത്തെ പ്രവാസം; നാടിനെ നടുക്കി സാജന്റെ മരണവാർത്ത
Mail This Article
പുനലൂർ ∙ കുവൈത്തിലെ തീപിടിത്തത്തിൽ മകൻ സാജൻ ജോർജ് മരിച്ച വിവരം അറിഞ്ഞതു മുതൽ പിതാവ് ജോർജ് പോത്തൻ വീടിന്റെ മുൻവശത്ത് ഒരേ ഇരിപ്പാണ്. ഇന്നലെ വൈകിട്ട് പ്രാർഥനാസമയത്തു മാത്രമാണ് ആ പിതാവ് ഹാളിലേക്കു കയറിയത്. മകന്റെ ചിത്രത്തിനരികെ ഇരിക്കുന്ന മാതാവ് വത്സമ്മയുടെ ചോദ്യമിങ്ങനെ: ‘മകൻ ഇല്ലാതെ എനിക്കെന്തു ജീവിതം?’.
ഒന്നര മാസം മാത്രം നീണ്ട പ്രവാസജീവിതത്തിന് ഇങ്ങനെയൊരു അവസാനം ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. ചൊവ്വാഴ്ച രാത്രി 8.30നാണ് അവസാനമായി സാജൻ വീട്ടിലേക്കു വിളിച്ചത്. അമ്മ മാത്രമാണ് അപ്പോൾ വീട്ടിലുണ്ടായിരുന്നത്. പിതാവ് പുറത്തുപോയിരിക്കുകയായിരുന്നു. 15 മിനിറ്റിനു ശേഷം തിരികെയെത്തി മകനെ വിളിച്ചെന്ന് ജോർജ് പോത്തൻ ഓർമിക്കുന്നു.
പിറ്റേന്ന് പതിവായി വിളിക്കുന്ന സമയമായപ്പോഴേക്കും തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിന്റെ വാർത്തയും സാജൻ മരിച്ചെന്ന അഭ്യൂഹവും നാടാകെ പരന്നിരുന്നു. വിദേശത്തു പോകുംൻപ് സാജൻ ഏറെക്കാലം അധ്യാപകനായി ജോലി ചെയ്തിരുന്നതിനാൽ ശിഷ്യരും ഇന്നലെ വീട്ടിലെത്തി. ഓസ്ട്രേലിയയിലെ മെൽബണിലുള്ള സഹോദരി ആൻസി ഇന്നു രാത്രിയെത്തും.
സ്വപ്നക്കൂട്ടിലേക്ക് ചേതനയറ്റ് സ്റ്റെഫിൻ; ഗൃഹപ്രവേശം കാത്തിരിക്കെ മരണം
പാമ്പാടി (കോട്ടയം) ∙ മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ സ്വപ്നം കണ്ട വീട്ടിലേക്ക് സ്റ്റെഫിൻ ഇന്നെത്തും; ചേതനയറ്റ ഉടലുമായി. വാടകവീടിനു പകരം സ്വന്തം വീട്, അവിടെ സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം താമസം– തീപിടിത്തത്തിൽ മരിച്ച സ്റ്റെഫിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു അത്. 6 മാസം മുൻപ് നാട്ടിലെത്തിയപ്പോൾ വീടിന്റെ പണി തുടങ്ങിവച്ചതിനുശേഷം ദിവസവും പുരോഗതി അറിയാൻ പിതാവ് സാബു ഏബ്രഹാമിനെയും അമ്മ ഷേർലിയെയും വിഡിയോ കോളിൽ വിളിക്കുമായിരുന്നു.
-
Also Read
ഷെമീർ മടങ്ങി; വീടെന്ന സ്വപ്നം ബാക്കി
പുത്തൻ കാർ എന്ന സ്വപ്നവും ബാക്കിനിർത്തിയാണ് സ്റ്റെഫിന്റെ മടക്കം. ബുക്ക് ചെയ്തിരുന്ന കാർ ഇന്നലെ ലഭിക്കേണ്ടതായിരുന്നു. കാറുമായി ഷോറൂമിൽനിന്നു വരുമ്പോൾ ധരിക്കാനുള്ള പുതുവസ്ത്രങ്ങളും സ്റ്റെഫിൻ അയച്ചു കൊടുത്തിരുന്നു. വീടിന്റെ പെയ്ന്റിങ് പണികൾ പൂർത്തിയായിട്ടില്ല.
ഗൃഹപ്രവേശ ചടങ്ങുകൾക്കായി കുവൈത്തിൽ തന്നെയുള്ള സഹോദരൻ ഫെബിനും ഇസ്രയേലിലുള്ള സഹോദരൻ കെവിനും നാട്ടിലെത്താൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. സ്റ്റെഫിന്റെ മൃതദേഹം ആദ്യം വാടകവീട്ടിലും പിന്നീട് പണിതീരാത്ത സ്വന്തം വീട്ടിലും എത്തിക്കും. സംസ്കാരം ഒൻപതാം മൈലിലുള്ള സഭാ സെമിത്തേരിയിൽ. ഐപിസി സഭയിലെ കീബോർഡിസ്റ്റ് ആയിരുന്ന സ്റ്റെഫിൻ സഭാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.