ഷെമീർ മടങ്ങി; വീടെന്ന സ്വപ്നം ബാക്കി
Mail This Article
ശാസ്താംകോട്ട (കൊല്ലം) ∙ പിതാവിന്റെയും ഇളയ സഹോദരന്റെയും കൺവെട്ടത്ത് തനിക്കും വീട് ഒരുക്കണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് ഷെമീർ വിടപറഞ്ഞത്. കുവൈത്തിലെ തീപിടിത്തം കവർന്ന ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷെമീറിന്റെ വിയോഗവാർത്ത ഇന്നലെ അറിയിച്ചപ്പോഴേക്കും ഭാര്യ സുറുമി ബോധമറ്റു വീണു.
പ്രവാസിയായിരുന്ന പിതാവ് ഉമറുദ്ദീൻ രണ്ടാമതു വിവാഹം കഴിച്ചതോടെയാണ് ഓയൂരിൽനിന്ന് ആനയടിയിലേക്കു കുടുംബം താമസം മാറ്റിയത്. സഹോദരങ്ങളും പ്രവാസികളുമായ ഷൈജുവും ഷിജാദും ഓയൂരിൽത്തന്നെ വീട് നിർമിച്ചപ്പോൾ ഷെമീർ പിതാവിനൊപ്പം കൂടി. കായംകുളം–ഓയൂർ റൂട്ടിലെ സ്വകാര്യ ബസിൽ ഡ്രൈവറായതോടെ ജന്മനാട്ടിലേക്കുള്ള സർവീസ് ഷെമീർ ഏറെ ആസ്വദിച്ചിരുന്നു. പ്രവാസിയായ ശേഷം ഓരോ അവധിക്കും പ്രിയപ്പെട്ടവരുടെയും കൊല്ലം റോഡുവിളയിലുള്ള മാതാവ് ശോഭിതയുടെയും അരികിലേക്ക് ഷെമീർ എത്തുമായിരുന്നു.
അപകടം നടന്ന ദിവസവും സുറുമിയെ ഫോണിൽ വിളിച്ച ഷെമീർ സാമ്പത്തികബാധ്യതകൾ തീർക്കാൻ അടുത്ത മാസം വരുമെന്ന് അറിയിച്ചിരുന്നു. ഇതിനു ശേഷം വീടിനോടു ചേർന്നുള്ള സ്ഥലത്ത് വീട് പണിയാനുള്ള തയാറെടുപ്പിലായിരുന്നു. കുറച്ചുകൂടി വലിയ സ്ഥലം വാങ്ങി വീട് വയ്ക്കാമല്ലോ എന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും അതുവേണ്ട ഇപ്പോഴുള്ള വീടിന്റെ സമീപത്തായി മതിയെന്നു പറഞ്ഞിരുന്നു.
ബിനോയ് കുവൈത്തിൽ എത്തിയിട്ട് ഒരാഴ്ച മാത്രം
ചാവക്കാട് ∙ വീടുപണി പൂർത്തീകരിക്കാനുള്ള സ്വപ്നവുമായി ഒരാഴ്ച മുൻപ് ആദ്യമായി കുവൈത്തിലേക്കു പറന്ന ബിനോയ് തോമസിന്റെ (44) മരണവാർത്ത നാട്ടുകാർക്കു വിശ്വസിക്കാനാവുന്നില്ല. പിഎംഎവൈ പദ്ധതിയിൽ ആരംഭിച്ച വീടിന്റെ നിർമാണം പൂർത്തിയാകാതെ വന്നതോടെയാണ് പാവറട്ടിയിലെ ഫുട്‌വെയർ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചു കുവൈത്തിലെത്തിയത്. തെക്കൻപാലയൂരിൽ ഭാര്യ ജിനിതയ്ക്കും മക്കളായ ആദി, ഇയാൻ എന്നിവർക്കുമൊപ്പം താമസമാക്കിയ ബിനോയ് തിരുവല്ല സ്വദേശിയാണ്.
എൻബിടിസി കമ്പനിയുടെ ഹൈവേ സെന്റർ എന്ന സ്ഥാപനത്തിൽ സെയിൽസ്മാനായാണ് ഇൗ മാസം 5ന് കുവൈത്തിലെത്തിയത്. ബുധനാഴ്ച പുലർച്ചെ 2.30 വരെ ജിനിതയുമായി ബിനോയ് ഓൺലൈനിൽ സംസാരിച്ചിരുന്നു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി.അബ്ദുൽഖാദറിനെ വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് അദ്ദേഹം നോർക്കയുമായി ബന്ധപ്പെട്ട് മരണം സ്ഥിരീകരിക്കുകയായിരുന്നു. തിരുവല്ല തോപ്പിൽ ബാബു തോമസിന്റെയും മോളി തോമസിന്റെയും മകനാണ്.