വീട്ടിലേക്കു വിളിച്ചു; പിന്നാലെ ജോബിയുടെ വിയോഗം
Mail This Article
തിരുവല്ല ∙ തീപിടിത്തത്തിൽ മരിച്ച മേപ്രാൽ ചിറയിൽ മരോട്ടിമൂട്ടിൽ തോമസ് സി.ഉമ്മന്റെ (ജോബി– 37) പിതാവ് ഉമ്മൻ ചാക്കോയ്ക്കും കുടുംബത്തിനും മകന്റെ വിയോഗവാർത്ത ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ജോബി വൈകിട്ട് അമ്മ റാണിയോട് സംസാരിച്ചതാണ്. പിന്നീട് ഭാര്യ ജിനു പലതവണ ഫോണിൽ ശ്രമിച്ചെങ്കിലും കിട്ടിയില്ല. കുവൈത്ത് എംബസി പുറത്തുവിട്ട മരിച്ചവരുടെ ആദ്യ ലിസ്റ്റിൽ ജോബിയുടെ പേരില്ലാതിരുന്നത് ആശ്വാസത്തിന് വഴിയൊരുക്കി. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
6 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ജോബി 6 മാസം മുൻപാണ് നാട്ടിൽ വന്നു മടങ്ങിയത്. മേപ്രാൽ പടിഞ്ഞാറ് കിടങ്ങറയിൽ പണി പൂർത്തിയാകുന്ന കുടുംബവീടിന്റെ നിർമാണജോലികൾ നിർവഹിച്ചത് ജോബിയായിരുന്നു. ഗൃഹപ്രവേശം എന്ന സ്വപ്നം ബാക്കിയാക്കിയാണ് ജോബി മടങ്ങുന്നത്.
രണ്ടാം നിലയിൽനിന്ന് ശരത് ചാടി; ജീവിതത്തിലേക്ക്
തവനൂർ (മലപ്പുറം) ∙ ആളിപ്പടരുന്ന തീയിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം ശരത് എടുത്തുചാടിയത് പുതുജീവിതത്തിലേക്ക്. തീപിടിത്തമുണ്ടായ ഫ്ലാറ്റിന്റെ രണ്ടാം നിലയിൽനിന്ന് ചാടിയ തവനൂർ മേപ്പറമ്പിൽ ശരത് (30) കുവൈത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്. എൻബിടിസി കമ്പനിയിൽ 6 വർഷമായി ജോലിചെയ്യുന്നു. ഫ്ലാറ്റിലെ മുറിയിൽ ശരത് അടക്കം 5 പേർ ഉണ്ടായിരുന്നു. മുറിയിലുണ്ടായിരുന്ന തിരുവല്ല സ്വദേശി അനിലാണ് തീപിടിത്തമുണ്ടായ പുലർച്ചെ 4 പേരെയും വിളിച്ചുണർത്തിയത്.
-
Also Read
ഷെമീർ മടങ്ങി; വീടെന്ന സ്വപ്നം ബാക്കി
മുറി നിറയെ കറുത്ത പുക നിറഞ്ഞിരുന്നു. വാതിൽ തുറന്നപ്പോൾ തീ ആളിപ്പടരുന്നതാണു കണ്ടത്. ആദ്യം ശുചിമുറിയിൽ കയറി വാതിലടയ്ക്കാൻ ശ്രമിച്ചു. ശ്വാസം മുട്ടിയപ്പോൾ 5 പേരും ജനൽ വഴി പുറത്തിറങ്ങാൻ ശ്രമിച്ചു. താഴേക്കു ചാടുകയല്ലാതെ മറ്റുവഴികളില്ലെന്നു തിരിച്ചറിഞ്ഞതോടെ ഓരോരുത്തരായി ചാടി. ജീവൻ പണയംവച്ച് ആദ്യം ശരത് ചാടി. പിന്നാലെ മറ്റു 4 പേരും. ചാട്ടത്തിൽ ഇടതുകാലിനു പരുക്കേറ്റു. മറ്റുള്ളവർക്കും പരുക്കുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയമായ ശരത് 2 മാസം മുൻപാണ് നാട്ടിൽ വന്നുപോയത്.