കണ്ണീരൊപ്പാൻ നാടൊന്നിച്ചു; സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ സഹായം നൽകും
Mail This Article
തിരുവനന്തപുരം ∙ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങൾക്കു സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരുക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് പ്രമുഖ വ്യവസായി എം.എ.യൂസഫലിയും 2 ലക്ഷം രൂപ വീതം നൽകുമെന്ന് പ്രവാസി വ്യവസായി രവി പിള്ളയും അറിയിച്ചു. നോർക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഓരോ കുടുംബത്തിനും സംസ്ഥാനത്തുനിന്നു 12 ലക്ഷം രൂപ സഹായം ലഭിക്കും.
-
Also Read
ഷെമീർ മടങ്ങി; വീടെന്ന സ്വപ്നം ബാക്കി
മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ വീതം നൽകുമെന്ന് കുവൈത്തിലെ എൻബിടിസി മാനേജ്മെന്റ് അറിയിച്ചു. ആശ്രിതർക്കു ജോലി നൽകും. ഇൻഷുറൻസ് തുകയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ജീവൻ നഷ്ടപ്പെട്ടവർക്കു കുവൈത്ത് സാമ്പത്തികസഹായം നൽകുമെന്ന് അമീർ പ്രഖ്യാപിച്ചു. തുക എത്രയെന്ന് അറിയിച്ചിട്ടില്ല.
24x7 ഹെൽപ് ഡെസ്ക്
നോർക്കയുടെ ഹെൽപ് ഡെസ്ക്കും ഗ്ലോബൽ കോൺടാക്ട് സെന്ററും മുഴുവൻ സമയവും പ്രവർത്തിക്കും. ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽനിന്ന്), +91 8802 012 345 (വിദേശത്തുനിന്നു മിസ്ഡ് കോൾ സേവനം).
പരുക്കേറ്റവരെ സന്ദർശിച്ച് കേന്ദ്രമന്ത്രി
കുവൈത്ത് സിറ്റി ∙ കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അൽ യഹ്‍യയുമായി കേന്ദ്രമന്ത്രി കീർത്തിവർധൻ സിങ് കൂടിക്കാഴ്ച നടത്തി. പരുക്കേറ്റവർക്കു മികച്ച ചികിത്സ നൽകുമെന്നു വിദേശകാര്യ മന്ത്രി ഇന്ത്യയ്ക്ക് ഉറപ്പുനൽകി. പരുക്കേറ്റവരെ കേന്ദ്രമന്ത്രി ആശുപത്രിയിൽ സന്ദർശിച്ചു. കുവൈത്തിൽ ബലിപെരുന്നാൾ അവധികൾ ഇന്നു തുടങ്ങുന്ന സാഹചര്യത്തിൽ മൃതശരീരങ്ങളുടെ പോസ്റ്റ്മോർട്ടവും എംബാമിങ്ങും ഉൾപ്പെടെയുള്ള നടപടികൾ ഇന്നലെത്തന്നെ പൂർത്തിയാക്കി.
മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുന്നതിനായി വ്യോമസേനയുടെ സി 130ജെ വിമാനം കുവൈത്തിലെത്തി. യുപിയിലെ ഹിൻഡൻ വ്യോമതാവളത്തിലായിരിക്കും മൃതദേഹങ്ങളെത്തിക്കുക. അവിടെനിന്നു വിവിധ സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകും. കേരളത്തിൽ എത്തിയാലുടൻ വിമാനത്താവളത്തിൽനിന്നു പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്കു കൊണ്ടുപോകാൻ നോർക്ക ക്രമീകരണം ഒരുക്കിയിട്ടുണ്ട്.