മകന്റെ പേര് വലിച്ചിഴയ്ക്കുന്നത് സിപിഎം നേതാവ്: തിരുവഞ്ചൂർ
Mail This Article
തിരുവനന്തപുരം/കോട്ടയം ∙ ബാർ കോഴ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണന്റെ മൊഴിയെടുത്തു. ബാറുടമ അനിമോൻ ശബ്ദസന്ദേശമിട്ട ഇടുക്കി ജില്ലയിലെ ബാറുടമകളുടെ വാട്സാപ് ഗ്രൂപ്പിൽ അർജുൻ ഉണ്ടെന്ന നിഗമനത്തെത്തുടർന്നായിരുന്നു മൊഴിയെടുക്കൽ.
തന്റെ ഭാര്യാപിതാവ് ബാർ ഹോട്ടലിന്റെ എംഡിയായിരുന്നെന്നും അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോൺ നമ്പറാകാം ഗ്രൂപ്പിലുണ്ടായിരുന്നതെന്നും അർജുൻ മൊഴി നൽകി. 2018ൽ അദ്ദേഹം മരിച്ചു. താൻ ആ ഗ്രൂപ്പിൽ അംഗമല്ല. ഹോട്ടലിന്റെ കാര്യങ്ങളിൽ താൻ ഇടപെടാറുമില്ല: അർജുൻ മൊഴി നൽകി.
ബാർ കോഴ ആരോപണത്തിലേക്ക് തന്റെ മകൻ അർജുന്റെ പേര് വലിച്ചിഴച്ചതിനു പിന്നിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു. ബാറുടമ അനിമോന്റെ ബന്ധുവാണ് ഈ സംസ്ഥാന കമ്മിറ്റിയംഗം. തനിക്കെതിരെ രാഷ്ട്രീയ നീക്കം നടത്തിയാൽ ആ പേര് വിളിച്ചുപറയുമെന്നും അനിമോന്റെ സഹോദരിയെ വിവാഹം കഴിച്ചത് ആരെന്ന് അന്വേഷിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു. മകൻ അർജുനെ സിപിഎം മനഃപൂർവം ചെളിവാരി എറിയാൻ ശ്രമിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഞങ്ങൾ പ്രതിപക്ഷത്താണ്. ഭരണസ്വാധീനമുള്ളവരെയാണ് ബാറുടമകൾ സമീപിച്ചത്. അനിമോൻ പണപ്പിരിവ് നടത്തിയ വിവരം മുഖ്യമന്ത്രിക്കറിയാം. തന്റെ ഓഫിസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർക്ക് ഇതൊന്നും അറിയില്ല. ബാർ കോഴക്കേസല്ല സന്ദേശം പുറത്തുപോയതാണ് ഇപ്പോൾ പലർക്കും പ്രശ്നമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.