നിക്ഷേപം ചികിത്സയ്ക്കായി തിരിച്ചുനൽകണം; കണ്ടല ബാങ്കിനോട് ഹൈക്കോടതി
Mail This Article
കൊച്ചി ∙എയർഫോഴ്സിലായിരുന്ന മകൻ മരിച്ചുപോയതിനെ തുടർന്നു ലഭിച്ച സഹായധനം സ്ഥിരനിക്ഷേപം നടത്തിയ എഴുപത്തഞ്ചുകാരനായ പിതാവിനു ചികിത്സയ്ക്കായി പണം എത്രയും വേഗം തിരിച്ചു നൽകാനും എപ്പോൾ നൽകാനാവുമെന്ന് അറിയിക്കാനും ഹൈക്കോടതി തിരുവനന്തപുരം കണ്ടല ബാങ്കിനു നിർദേശം നൽകി. ഗുരുതരമായ രോഗാവസ്ഥയെത്തുടർന്നു സ്ഥിര നിക്ഷേപം മടക്കി നൽകാൻ ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ തുടർന്നു തിരുവനന്തപുരം സ്വദേശിയായ എഴുപത്തഞ്ചുകാരൻ നൽകിയ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
മകൻ മരിച്ചതിനെ തുടർന്നു സഹായധനമായി ലഭിച്ച 25 ലക്ഷം രൂപയാണു കണ്ടല ബാങ്കിൽ നിക്ഷേപിച്ചത്. രോഗം കഠിനമായതിനെ തുടർന്നു ചികിത്സയ്ക്കായി തുക മടക്കി ചോദിച്ചപ്പോൾ നൽകിയില്ലെന്നും ഹർജിയിൽ അറിയിച്ചു. എന്നാൽ ബാങ്കിലെ ക്രമക്കേടിനെക്കുറിച്ച് പൊലീസും ഇഡിയും അന്വേഷിക്കുകയാണെന്നും ബാങ്കിന്റെ പ്രസിഡന്റായിരുന്ന എൻ.ഭാസുരാംഗൻ ജയിലിലാണെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് എന്ന് നൽകാനാവുമെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.