ആരായാലും അച്ചടക്കം പാലിക്കണം: സുധാകരനെതിരെ ആഞ്ഞടിച്ച് സലാം
Mail This Article
ആലപ്പുഴ ∙ മുൻമന്ത്രി ജി.സുധാകരനിൽ നിന്നു പലപ്പോഴും ഉണ്ടാകുന്നതു പാർട്ടി അംഗത്തിനു നിരക്കാത്ത പ്രതികരണമാണെന്ന കടുത്ത വിമർശനവുമായി എച്ച്.സലാം എംഎൽഎ. ഏതു ഘടകത്തിലായാലും പാർട്ടി അംഗം അച്ചടക്കം പാലിക്കണമെന്നും സലാം പറഞ്ഞു. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണെന്നും സിപിഎമ്മിന് ഇത്തവണയുണ്ടായ വോട്ട് ചോർച്ച ചരിത്രത്തിൽ ആദ്യമാണെന്നും മറ്റും ജി.സുധാകരൻ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ആലപ്പുഴയിൽ പുന്നപ്രയിൽ പോലും വോട്ട് ചോർന്നതിനെയും അദ്ദേഹം വിമർശിച്ചിരുന്നു. രാഷ്ട്രീയത്തിൽ പൊളിറ്റിക്കൽ ക്രിമിനലുകൾ കിടന്നു നുളഞ്ഞു പുളയ്ക്കുകയാണെന്ന സുധാകരന്റെ പരാമർശത്തോട്, ‘എതിരാളിക്കു ഗുണം ഉണ്ടാക്കുന്ന തരത്തിൽ പ്രതികരിക്കുന്നതും പൊളിറ്റിക്കൽ ക്രിമിനലിസമാണ്’ എന്നായിരുന്നു സലാമിന്റെ പ്രതികരണം. സുധാകരന്റെ മോദി പ്രശംസ അത്ഭുതപ്പെടുത്തിയെന്നു സലാം പറഞ്ഞു.
കാര്യങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിനു സാധാരണയിൽ കവിഞ്ഞ അറിവുണ്ട്. സംസാരിക്കുമ്പോൾ പിഴവു പറ്റുന്നയാളല്ല. മോദി ശക്തനായ ഭരണാധികാരിയാണെന്നു പറഞ്ഞാൽ നല്ല ഭരണാധികാരിയെന്ന് അർഥമില്ലെന്ന് അദ്ദേഹം പിന്നീടു തിരുത്തിയെന്നു കേട്ടു. ആലപ്പുഴയിൽ പാർട്ടിക്കു തിരിച്ചടിയുണ്ടാകുന്നത് ആദ്യമായല്ല. എറ്റവും വലിയ തിരിച്ചടി നേരിട്ടത് കെ.ആർ.ഗൗരിയമ്മ പാർട്ടി വിട്ടപ്പോഴായിരുന്നു. തലയ്ക്ക് അടി കിട്ടിയതു പോലെയുള്ള ആഘാതമായിരുന്നു അത്. ഗൗരിയമ്മ പോയതിന്റെ മൂലകാരണം ആരാണെന്ന് ആലപ്പുഴയിലെ ജനങ്ങൾക്കറിയാം.
പഴയ കാര്യമായതുകൊണ്ട് അതെല്ലാം മറന്നുപോയെന്നു വിചാരിച്ചു സംസാരിച്ചിട്ടു കാര്യമില്ല. ആ കാരണത്തിന്റെ അടിസ്ഥാനം തേടിപ്പോയാൽ പലതും പറയേണ്ടി വരും. സുധാകരനെ പാർട്ടി അവഗണിച്ചിട്ടില്ല. 7 തവണ നിയമസഭയിലേക്കു മത്സരിച്ചു, 4 തവണ എംഎൽഎയായി, മന്ത്രിയായി. സുധാകരനെ പരിഗണിച്ചതു പോലെ പാർട്ടി ഗൗരിയമ്മയെ പോലും പരിഗണിച്ചിട്ടില്ല. പൊളിറ്റിക്കൽ ക്രിമിനൽ എന്ന വാക്കിനു പുതിയ നിർവചനം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഒരു രാഷ്ട്രീയത്തിന്റെ ഭാഗമായി നിൽക്കുന്നയാൾ അതിനു ദോഷമായി പ്രവർത്തിച്ചാൽ അയാൾ പൊളിറ്റിക്കൽ ക്രിമിനലാകും– സലാം പറഞ്ഞു.
ജി.സുധാകരനെ അവഗണിച്ചിട്ടില്ല: ആർ.നാസർ
ജി.സുധാകരനോട് ആരും ഒരു അവഗണനയും കാണിച്ചിട്ടില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. അദ്ദേഹം വളരെ വിഷമത്തോടെയാണല്ലോ ചില കാര്യങ്ങളൊക്കെ പറഞ്ഞതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്, ‘അദ്ദേഹത്തിന്റെ വിഷമമൊക്കെ മാറും’ എന്നായിരുന്നു നാസറിന്റെ പ്രതികരണം.