പൊലീസ് മേധാവിയായി ദർവേഷ് സാഹിബ് തുടർന്നേക്കും; ഫയൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി എസ്.ദർവേഷ് സാഹിബ് ഒരു വർഷം കൂടി തുടർന്നേക്കും. ഇതു സംബന്ധിച്ച ഫയൽ നൽകാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടതനുസരിച്ച് പൊലീസ് ആസ്ഥാനത്തുനിന്നു ഫയൽ ആഭ്യന്തര സെക്രട്ടറിക്കു നൽകി. ഇതു ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രിക്കു കൈമാറും. വൈകാതെ തീരുമാനമുണ്ടാകും. ഇതോടെ, അടുത്ത വർഷം വിരമിക്കുന്ന സംസ്ഥാനത്തെ മുതിർന്ന ഡിജിപിമാരായ കെ.പത്മകുമാർ, ടി.കെ.വിനോദ് കുമാർ എന്നിവർ പൊലീസ് മേധാവിയാകാതെ പടിയിറങ്ങേണ്ടി വരും.
യുപിഎസ്‌സി കൈമാറിയ 3 ഡിജിപിമാരുടെ ചുരുക്കപ്പട്ടികയിൽ ആദ്യ പേരുകാരനായ കെ. പത്മകുമാറിനെ (1989 ബാച്ച് ഐപിഎസ്) മറികടന്നാണ് പിണറായി സർക്കാർ കഴിഞ്ഞ വർഷം ജൂണിൽ പട്ടികയിൽ രണ്ടാമനായ ദർവേഷ് സാഹിബിനെ (1990 ബാച്ച്) പൊലീസ് മേധാവിയാക്കിയത്. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള ഹരിനാഥ് മിശ്രയായിരുന്നു മൂന്നാമത്. എന്നാൽ സുപ്രീം കോടതി നിഷ്കർഷിച്ച 2 വർഷമെന്ന കാലാവധി ഉത്തരവിൽ ഇല്ലായിരുന്നു. അതിനാലാണ് ഒരു വർഷത്തെ കാലാവധി കൂടി നൽകി പുതിയ ഉത്തരവിറക്കുന്നത്. അതോടെ, ഈ ജൂലൈയിൽ വിരമിക്കേണ്ടിയിരുന്ന ദർവേഷ് സാഹിബിനു 2025 ജൂൺ 30 വരെ തുടരാനാകും.
എന്നാൽ 2025 ഏപ്രിലിൽ വിരമിക്കുന്ന അഗ്നിശമന സേനാ മേധാവി പത്മകുമാറിനു പൊലീസ് മേധാവി സ്ഥാനം നഷ്ടമാകും. 2025 ഓഗസ്റ്റിൽ വിരമിക്കുന്ന വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ് കുമാറിനും ഈ പദവി ലഭിക്കില്ല. 6 മാസമെങ്കിലും സർവീസ് ബാക്കിയുള്ളവരെയാണ് പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുക.
ദർവേഷ് സാഹിബിന്റെ മുൻഗാമിയായ അനിൽ കാന്തിനെയും ആദ്യം കാലാവധി പറയാതെയാണു നിയമിച്ചത്. പിന്നീട് ഒരു വർഷം പൂർത്തിയായപ്പോൾ വീണ്ടും ഒരു വർഷത്തേക്കു കൂടി നീട്ടി നൽകി.
പൊലീസ് മേധാവിയായി നിയമിക്കപ്പെടുന്ന വ്യക്തിക്കു സുപ്രീം കോടതി വിധി പ്രകാരം 2 വർഷത്തെ കാലാവധി നിർബന്ധമായും നൽകണം. അല്ലെങ്കിൽ അദ്ദേഹം സ്വയം വിരമിക്കണം. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് യുപിഎസ്‌സി പട്ടികയിലെ മൂന്നാം സ്ഥാനക്കാരനായ അനിൽ കാന്തിനെയാണു പൊലീസ് മേധാവിയാക്കിയത്. ബി.സന്ധ്യ, സുധേഷ് കുമാർ എന്നീ ഡിജിപിമാരെ മറികടന്നായിരുന്നു ഇത്.