ADVERTISEMENT

തലശ്ശേരി ∙ ‘‘ആൾപ്പാർപ്പില്ലാത്ത വീടുകളും പറമ്പുകളും ബോംബ് നിർമാണ കേന്ദ്രങ്ങളാക്കിയിരിക്കുകയാണ് പാർട്ടിക്കാർ. തൊട്ടടുത്ത പറമ്പിൽനിന്നു പാർട്ടിക്കാർ 3 ബോംബുകൾ എടുത്തുകൊണ്ടുപോയി. പൊലീസിനെയൊന്നും അവർ അറിയിച്ചില്ല. ഇപ്പോൾ ഒരാൾ കൊല്ലപ്പെട്ടതുകൊണ്ടു മാത്രമാണ് ഇതെല്ലാം പുറത്തുവന്നത്. പുറത്തുപറയാൻ ആളുകൾക്കു ഭയമാണ്’’. തലശ്ശേരി എരഞ്ഞോളിയിൽ കഴിഞ്ഞദിവസം സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ട കെ.കെ.വേലായുധന്റെ അയൽവാസി എം.സീനയാണ് അക്രമരാഷ്ട്രീയത്തിനെതിരെ തുറന്നടിച്ചത്. 

നിയുക്ത എംപി ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും സ്ഥലത്തെത്തിയപ്പോഴാണ് സീന പരസ്യ പ്രതികരണം നടത്തിയത്. സിപിഎമ്മിന്റെ പ്രബലകേന്ദ്രമാണ് തങ്ങളുടെ പ്രദേശമെന്നും അപ്പോൾ പിന്നെ ബോംബ് നിർമിക്കുന്നത് ആരായിരിക്കുമെന്നും പിന്നീട് ‘മനോരമ’യുമായുള്ള അഭിമുഖത്തിൽ സീന ചോദിച്ചു. നേരത്തേ ഷാഫി പറമ്പിൽ സ്ഥലത്തെത്തിയപ്പോൾ അപ്രതീക്ഷിതമായിട്ടായിരുന്നു സീനയുടെ   പ്രതികരണം. 

ചുറ്റുമുള്ളവർ വിലക്കിയിട്ടും അവർ തുറന്നുപറഞ്ഞു. ‘‘മുൻപു ഞങ്ങളുടെ വീട് വാടകയ്ക്കു നൽകിയിരുന്നു. എന്നാൽ, വീടിനു മുന്നിലെ പറമ്പിൽ ബോംബുണ്ടെന്നു പറഞ്ഞ് അവർ വീടൊഴിയുകയായിരുന്നു. ആരെങ്കിലും ഇതൊക്കെ പറയാൻ തയാറായാൽ അവരുടെ വീട് ബോംബ് എറിഞ്ഞു നശിപ്പിക്കും. ജീവിക്കാൻ അനുവദിക്കില്ല. ഞാൻ ഇതെല്ലാം പറഞ്ഞത് എനിക്കുവേണ്ടി മാത്രമല്ല, ഈ നാട്ടിലെ എല്ലാവർക്കും വേണ്ടിയാണ്. ഇതെല്ലാം പറഞ്ഞതിന്റെ പേരിൽ നാളെ എന്റെ വീടിനും ഇവർ ബോംബ് എറിഞ്ഞേക്കാം. സാധാരണക്കാരാണു ഞങ്ങൾ. സാധാരണക്കാരുടെ അവകാശമാണു ഭയമില്ലാതെ ജീവിക്കാൻ കഴിയുക എന്നത്.’’

പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്നും സുരക്ഷ ഉറപ്പാക്കാൻ പൊലീസിനു നിർദേശം നൽകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എരഞ്ഞോളിയിൽ കഴിഞ്ഞദിവസം ആളൊഴിഞ്ഞ പറമ്പിൽ കണ്ട സ്റ്റീൽ പാത്രം ബോംബാണെന്ന് അറിയാതെ തുറന്നപ്പോഴുള്ള സ്ഫോടനത്തിലാണ് വേലായുധൻ കൊല്ലപ്പെട്ടത്. 

‘പലരും ബോംബുണ്ടാക്കാം, രാഷ്ട്രീയനിറം വേണ്ട’: നിയമസഭയിൽ മുഖ്യമന്ത്രി

തിരുവനന്തപുരം ∙ ‘‘ഇക്കാലത്ത് പലരും ബോംബുണ്ടാക്കാം; അതിനൊക്കെ രാഷ്ട്രീയ നിറം നൽകാനല്ല ശ്രമിക്കേണ്ടത്’’– എരഞ്ഞോളി സ്ഫോടനം സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിനു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയതിങ്ങനെ. ‘‘ഇത്തരം സംഭവമുണ്ടായാൽ ആ പ്രദേശത്ത് ആളുകൾ ഓടിക്കൂടുക സ്വാഭാവികമാണ്. അവർ തെളിവു നശിപ്പിക്കാനല്ല ഓടിക്കൂടുന്നത്. പൊലീസും അതേ വേഗത്തിൽ അവിടെയെത്തും.

ബോംബുണ്ടാക്കാനുള്ള വിവരങ്ങൾ പലയിടത്തുനിന്നും ലഭിക്കും. എറണാകുളത്ത് പള്ളിയിൽ നടന്ന ബോംബ് ആക്രമണം എങ്ങനെയായിരുന്നെന്ന് എല്ലാവർക്കും അറിയാം. എരഞ്ഞോളിയിൽ സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചത്. മരിച്ച വേലായുധനു സ്ഫോടനത്തിൽ ഒരു പങ്കുമില്ല. എവിടെനിന്നാണു ബോംബ് എന്നതടക്കം എല്ലാ കാര്യങ്ങളും ഗൗരവമായി അന്വേഷിക്കും’’ – മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Neighbour Seena revelation about CPM bomb politics at Kannur Thalassery Eranholi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com