മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടത്? ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ എന്തു ശൈലിയാണ് മാറ്റേണ്ടതെന്ന് എം.വി.ഗോവിന്ദൻ. 99 സീറ്റുമായി എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തിയതിനു നേതൃത്വം നൽകിയതും ഇതേ പിണറായി തന്നെയാണല്ലോയെന്നും അദ്ദേഹത്തിനെതിരായ നീക്കങ്ങൾക്കൊന്നും വഴങ്ങുന്ന പ്രശ്നമില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.
‘ഏറ്റവും പ്രധാനപ്പെട്ട നേതൃ കേന്ദ്രം എന്ന നിലയിൽ പിണറായിയെയും കുടുംബത്തെയും ടാർഗറ്റ് ചെയ്യുകയാണ്. ഒരാളുടെ ശൈലി പെട്ടെന്നുണ്ടാകുന്നതല്ല’– ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി ശൈലി മാറ്റേണ്ടെന്നാണോ പാർട്ടി നിലപാട് എന്ന ചോദ്യത്തിന് നാളത്തെ വാർത്തയ്ക്ക് അങ്ങനെ തലക്കെട്ട് കൊടുക്കാനല്ലേ എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറി. നേതാക്കളുടെയോ സഖാക്കളുടെയോ പെരുമാറ്റമോ പ്രസ്താവനകളോ ജനങ്ങളെ എതിരാക്കിയിട്ടുണ്ടെങ്കിൽ ആവശ്യമായ തിരുത്തലുകൾ വേണമെന്നും തെറ്റായ ഒരു പ്രവണതയ്ക്കും പാർട്ടി കൂട്ടുനിൽക്കില്ലെന്നും വ്യക്തമാക്കി.
എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ലീഗിന്റെ അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടുമ്പോൾ സിപിഎമ്മിനെ ഒതുക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു.‘മതനിരാസമാണ് സിപിഎം മുഖമുദ്രയെന്നാണ് ലീഗ് പ്രസിഡന്റ് പറഞ്ഞത്. മത വിശ്വാസികൾക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ ഒരു തടസ്സവുമില്ല.
പലസ്തീൻ, സദ്ദാം ഹുസൈൻ വിഷയങ്ങളിൽ പാർട്ടി ഇടപെട്ടത് സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ ഭാഗമായാണ്. ലൗ ജിഹാദ് വിവാദമുണ്ടായപ്പോഴും ആദ്യം എതിർത്തത് സിപിഎം ആണ്. ഇതെല്ലാം വോട്ട് തട്ടാനാണ് എന്നാണ് ലീഗ് പറയുന്നത്.’ – ഗോവിന്ദൻ പറഞ്ഞു.