പ്ലസ് വൺ പ്രശ്നം മലപ്പുറത്തിന്റേതു മാത്രമല്ല, എല്ലാവർക്കും സീറ്റ് ഉറപ്പാക്കും : ശിവൻകുട്ടി
Mail This Article
തിരുവനന്തപുരം∙ പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്നും പ്രശ്നം മലപ്പുറത്തിന്റേതു മാത്രമായി ചുരുക്കിക്കാണുന്നില്ലെന്നും മന്ത്രി വി.ശിവൻകുട്ടി. പ്രാദേശിക പ്രശ്നമായി ലഘൂകരിക്കരുതെന്നു നിയമസഭയിൽ പി.കെ.കുഞ്ഞാലിക്കുട്ടിയാണു മന്ത്രിയോട് പറഞ്ഞത്. എല്ലാ ജില്ലകളിലും പ്രശ്നമുണ്ടെന്നും ഉദ്യോഗസ്ഥരുടെ കണക്കു മാത്രം മന്ത്രി വിശ്വസിക്കരുതെന്നും കുഞ്ഞാലിക്കുട്ടി ഉപദേശിച്ചു.
ഉദ്യോഗസ്ഥർ പറയുന്നത് അതേപടി എടുത്തല്ല മന്ത്രിമാർ പ്രവർത്തിക്കുന്നതെന്നു തന്നെക്കാൾ കൂടുതൽ കാലം മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് അറിയാമല്ലോയെന്നു ശിവൻകുട്ടി മറുപടി പറഞ്ഞു. ബ്യൂറോക്രസിയെ പൂർണമായി വിശ്വസിക്കാൻ പറ്റുമോ ?. സംസ്ഥാനത്തിന്റെ പ്രശ്നമായാണു വിഷയം എടുത്തിരിക്കുന്നത്. മലപ്പുറത്താണ് ഏറ്റവുമധികം പേർ പരീക്ഷയെഴുതിയും എ പ്ലസ് കിട്ടിയതും എന്നതിനാലാണു അവിടുത്തെ കാര്യം കൂടുതൽ ചർച്ചയാവുന്നത്. വിദ്യാർഥി സംഘടനകളുമായുള്ള യോഗം വളരെ പോസിറ്റീവായിരുന്നുവെന്നും കെഎസ്‍യുവും എംഎസ്എഫുമാണ് യോഗത്തിൽ ഏറ്റവുമധികം ശാന്തത പുലർത്തിയതെന്നും മന്ത്രി പറഞ്ഞു. അവരോടു ക്രിയാത്മകമായി യോഗത്തിൽ പങ്കെടുക്കണമെന്നു താനും പ്രതിപക്ഷ നേതാവും ഉപദേശിച്ചു വിട്ടതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതു ശരിയായിരിക്കാമെന്നും, ആരു പറഞ്ഞിട്ടാണു 10 മിനിറ്റ് അവർ തന്റെ വാഹനം തടഞ്ഞിട്ടതെന്ന് ഇപ്പോൾ മനസ്സിലായെന്നുമുള്ള മന്ത്രിയുടെ മറുപടി സഭയെ ചിരിപ്പിച്ചു.