പറഞ്ഞും പറയാതെയും സ്കോറിങ്!
Mail This Article
‘ചില മൗനങ്ങൾ ചിലർക്കുള്ള ഏറ്റവും നല്ല മറുപടിയാണ്’ എന്ന ആപ്തവാക്യം സഭയിൽ പ്രാവർത്തികമാക്കിയത് മുൻ ഗതാഗത മന്ത്രി ആന്റണി രാജുവാണ്. അദ്ദേഹം സംസാരിച്ചില്ലെന്നല്ല. ഏതാനും മാസം മുൻപു വരെ വഹിച്ച വകുപ്പിനെക്കുറിച്ചു കൂടി നടന്ന ചർച്ചയിൽ അതൊഴിച്ച് മറ്റെല്ലാം പറഞ്ഞു! തനിക്കു ശേഷം കെ.ബി.ഗണേഷ്കുമാർ എന്ന മന്ത്രി ആ കെഎസ്ആർടിസിയുടെ സ്റ്റിയറിങ്ങും തിരിച്ച് തൊട്ടടുത്ത് ഇരിക്കുന്നുണ്ടെന്നു പോലും ഭാവിച്ചില്ല.
മോട്ടർവാഹന, ഫിഷറീസ് ധനാഭ്യർഥന ചർച്ചകളായിരുന്നു ഇന്നലെ. അടുത്ത സുഹൃത്ത് കൂടിയായ മന്ത്രി സജി ചെറിയാൻ തീരദേശത്തിനു നൽകിയ സംഭാവനയെക്കുറിച്ച് ആന്റണി രാജു വാചാലനായി. തിരഞ്ഞെടുപ്പു ഫലം മുതൽ എക്സാലോജിക് വരെ പരാമർശിച്ചു. ഗതാഗത വകുപ്പ് ചർച്ചാപട്ടികയിൽ മുൻ ഗതാഗതമന്ത്രിയുടെ പേരു കാണുമ്പോൾ ആരും ഊഹിക്കുന്ന ആ വകുപ്പിൽ മാത്രം തൊട്ടില്ല. മന്ത്രിയും മുൻമന്ത്രിയും തമ്മിലുണ്ടെന്ന് പരസ്യമായ ശീതസമരം സഭയ്ക്കും ബോധ്യമായി.
പറഞ്ഞു സ്കോർ ചെയ്തതു പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ്. ടി.പി കേസ് പ്രതികൾക്കു ശിക്ഷയിളവു നൽകാനുള്ള നീക്കം അഭ്യൂഹം മാത്രമാണെന്ന സർക്കാരിന്റെ മാത്രമല്ല, സ്പീക്കറുടെ വരെ പ്രതിരോധം സതീശൻ പൊളിച്ചു. കെ.കെ.രമയുടെ അടിയന്തരപ്രമേയ നോട്ടിസ് അവതരണം അതു പറഞ്ഞു നിഷേധിച്ച ശേഷം അതേ രമയുടെ മൊഴി പൊലീസ് എടുത്തത് എന്തിനു വേണ്ടിയെന്ന ചോദ്യത്തിനു മുന്നിൽ സർക്കാരിന് ഉത്തരം മുട്ടി. സിപിഎം നേതൃയോഗത്തിനു ഡൽഹിക്കു തിരിച്ച മുഖ്യമന്ത്രിക്കു വേണ്ടി മറുപടി വായിക്കാൻ എഴുന്നേറ്റ മന്ത്രി എം.ബി.രാജേഷിന്റെ പക്കൽ സതീശന്റെ പുതിയ ‘പോയിന്റിന്’ ഉള്ള മറുപടി ഉണ്ടായിരുന്നില്ല. മന്ത്രി മറുപടി നൽകിയ ശേഷം പ്രതിപക്ഷ നേതാവിനെ വീണ്ടും സംസാരിക്കാൻ ഡപ്യൂട്ടി സ്പീക്കർ ക്ഷണിച്ചതു കീഴ്‌വഴക്ക ലംഘനമാണെന്ന വാദവുമായി ഭരണപക്ഷം ബഹളം കൂട്ടിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രിയപ്പെട്ട ടി.പിക്കു വേണ്ടി കെ.കെ.രമയും അവർക്കൊപ്പം. ചെയറിലേക്കു തിരിച്ചുവന്ന സ്പീക്കർ അടിയന്തരപ്രമേയ നോട്ടിസ് നിഷേധിച്ചതിനു കേട്ട പഴി കഴുകിക്കളയാൻ ശ്രമിക്കുന്നതു പോലെ തോന്നി. ഒച്ചപ്പാട് ഉണ്ടാക്കുന്ന ഭരണപക്ഷത്തെ ശാന്തരാക്കുന്നതിലായിരുന്നു ഷംസീറിന്റെ ശ്രദ്ധ.
മന്ത്രിമാരായ സജി ചെറിയാന്റെയും ഗണേഷിന്റെയും പ്രകടനത്തിൽ പ്രതിപക്ഷത്തെ കെ.പി.എ മജീദും കെ.കെ.രമയും പി.അബ്ദുൽ ഹമീദുമെല്ലാം മതിപ്പ് പ്രകടിപ്പിച്ചു. എന്നാൽ കെഎസ്ആർടിസി പെൻഷൻകാർ തൊട്ട് ഡ്രൈവിങ് സ്കൂളുകാർ വരെ പ്രതിഷേധിക്കുന്നത് കണ്ടില്ലെന്നു നടിക്കാൻ ഉമ തോമസ് തയാറായില്ല. എൻ.ജയരാജിനെ സംബന്ധിച്ച് അഞ്ചു മിനിറ്റിൽ പ്രസംഗം അവസാനിപ്പിക്കേണ്ടി വരുന്നത് ‘കെഎസ്ആർടിസിയിൽ കയറും മുൻപ് ഡബിൾ ബെൽ കേട്ട് ഇറങ്ങുന്നതു’ പോലെയാണ്. എം.എം മണിയും എം.നൗഷാദും തോൽവിയുടെ രണ്ടു കാരണങ്ങൾ പറഞ്ഞു പോയി. ഇന്ത്യാമുന്നണിയുടെ ഭാഗമാണ് എൽഡിഎഫുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച വന്നെന്ന് നൗഷാദ്. ക്ഷേമ പ്രവർത്തനം ഒന്നു കൊണ്ടു മാത്രമാണ് രണ്ടാം പിണറായി സർക്കാർ വന്നതെന്നു മറക്കരുതെന്ന് മണിയും.
തദ്ദേശ ഫണ്ട് വിഹിതം സമയത്തിനു കൊടുക്കാൻ കഴിയാത്തത് കേന്ദ്രം പണം തരാത്തതു കൊണ്ടു കൂടിയാണെന്ന് അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച ടി.സിദ്ദിഖ് കേൾക്കാനേ തയാറാകുന്നില്ല പോലും. റാംജി റാവു സ്പീക്കിങ് സിനിമയിൽ ‘കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ്’ എന്നു പറഞ്ഞതു പോലെയാണ് ഇതെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞപ്പോൾ അതിലെ നായകൻ മുകേഷ് പിറകിൽ ചിരിതൂകി ഇരുന്നു.