‘ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല’: പിണറായിയെ പ്രകീർത്തിച്ച ഡോക്യുമെന്ററി പിൻവലിച്ചു
Mail This Article
തൃശൂർ ∙ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്. കമ്യൂണിസ്റ്റുകാരൻ എന്താണെന്നു യുവതലമുറ അറിഞ്ഞിരിക്കണമെന്ന അർഥത്തിൽ നിർമിച്ചതാണു ഡോക്യുമെന്ററിയെന്നും പിണറായി വിജയൻ ഒരു സഖാവല്ല എന്ന തോന്നൽ ഉണ്ടായതാണു പിൻവലിക്കാനുള്ള കാരണമെന്നും സുഭാഷ് പറഞ്ഞു.
2016 നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു പിണറായിയെ ബ്രാൻഡ് ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഡോക്യുമെന്ററി നിർമിച്ചതെന്നും ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചു കഴിഞ്ഞാൽ ഇത്തരത്തിലൊരു ഡോക്യുമെന്ററിക്കു പ്രസക്തിയില്ലെന്നും സംവിധായകൻ പറയുന്നു.
എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെ ലേബലിൽ ആയിരുന്നു നിർമാണം. പ്രഫ.എം.കെ.സാനു ആണു ഡോക്യുമെന്ററിയുടെ പ്രകാശനം നിർവഹിച്ചത്. 32 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ അന്നത്തെ സംഘാടകൻ മന്ത്രി പി.രാജീവ് ആയിരുന്നുവെന്നും സംവിധായകൻ പറയുന്നു. യുട്യൂബിൽ നിന്നു പിൻവലിച്ച ഡോക്യുമെന്ററിക്ക് നിലവിൽ 75 ലക്ഷത്തിലേറെ കാഴ്ചക്കാരുണ്ടായിരുന്നു.