ഓൺലൈൻ തട്ടിപ്പ്, ക്രിപ്റ്റോ പുതിയ വില്ലൻ; ഇസ്രയേലിലെ സാങ്കേതിക വിദ്യ വാങ്ങാൻ കരാർ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഓൺലൈൻ പണത്തട്ടിപ്പിൽ പുതിയ വില്ലൻ ക്രിപ്റ്റോ കറൻസി. ഇവിടെ നിന്നു തട്ടിയെടുക്കുന്ന പണം ഭൂരിഭാഗവും പോകുന്നത് ക്രിപ്റ്റോ കറൻസി വോലറ്റുകളിലേക്ക്. ഇൗ പണത്തെക്കുറിച്ച് വെളിപ്പെടുത്താൻ ക്രിപ്റ്റോ കറൻസി വോലറ്റുകൾ സഹകരിക്കാതെ വന്നതോടെ പണം പോയത് ആർക്കാണെന്നു കണ്ടുപിടിക്കാൻ ഇസ്രയേലിൽ നിന്ന് സോഫ്റ്റ്‍വെയർ ടൂൾ വാങ്ങാൻ കേരള പൊലീസ് കരാർ വിളിച്ചു.
50 ലക്ഷത്തിലധികമാണ് ഇൗ സാങ്കേതിക വിദ്യയ്ക്ക് ചെലവാകുക. ഒരു ക്രിപ്റ്റോ വോലറ്റിൽ നിന്നു മറ്റു ക്രിപ്റ്റോ വോലറ്റുകളിലേക്ക് ഇൗ പണം മാറ്റിയാലും അവിടെ നിന്നു വിദേശ അക്കൗണ്ടിലേക്കു മാറ്റിയാലും തട്ടിപ്പിനുപയോഗിച്ച മൊബൈൽ ഫോണിന്റെയും കംപ്യൂട്ടറിന്റെയും ഐപി വിലാസം ഇൗ ടൂൾ വഴി ലഭിക്കും. പണം പിൻവലിച്ചത് ഏത് വഴിയാണെന്നും കണ്ടെത്താം.
കേരളത്തിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമാകുന്ന പണം വിദേശരാജ്യത്തേക്ക് ഒഴുകുന്നത് 2023 മുതലാണ് ശ്രദ്ധയിൽപെട്ടത്. ഇതിന്റെ അന്വേഷണത്തിലാണ് ഭൂരിഭാഗം പണവും തട്ടിയെടുത്ത ഉടൻ ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റുന്നത് ശ്രദ്ധയിൽപെട്ടത്. ഇതു പിന്നീട് വിദേശത്തുള്ള ക്രിപ്റ്റോ അക്കൗണ്ടുകളിലേക്ക് മാറിയെന്നും കണ്ടെത്തി.
പക്ഷേ ഇത് ആരുടെ അക്കൗണ്ടാണെന്നും പണം ഏതു വിദേശ രാജ്യത്ത് , ഏതു ബാങ്കിലേക്കാണ് പോയതെന്നുള്ള വിവരങ്ങൾ ക്രിപ്റ്റോ വോലറ്റുകൾ നൽകാറില്ല. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെടുന്ന പണം കണ്ടെത്താൻ മാർഗമില്ലാതെ വഴിമുട്ടി. ഇതിനിടെയാണ്, കംബോഡിയയിലും തായ്‌ലൻഡിലും മ്യാൻമാറിലും ഇരുന്ന് ഓൺലൈൻ തട്ടിപ്പിനായി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലിക്കാരെ നിയോഗിച്ചതു വെളിപ്പെടുന്നത്.
കേരളത്തിൽ വർക്കല, മലപ്പുറം, തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിലും ഇതിനായി 4 കേസെടുത്തു. ഓൺലൈൻ തട്ടിപ്പ് നടത്തുന്ന കമ്പനികൾ കേരളത്തിൽ നിന്നു റിക്രൂട്ട് ചെയ്തത് 64 പേരെയാണെന്ന് പൊലീസ് കണ്ടെത്തി. ഇവരിൽ നിന്നു ലഭിച്ച വിവരപ്രകാരം ചൈനീസ് കമ്പനികളാണ് ഇത്തരം റിക്രൂട്മെന്റ് നടത്തുന്നത്. ഇവർ ക്രിപ്റ്റോ കറൻസിയിലേക്ക് പണം മാറ്റുന്നതോടെ ഇന്ത്യൻ അന്വേഷണഏജൻസികളുടെ വഴിയടയ്ക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമായി.
തിരുവനന്തപുരത്ത് ആർസിസിയിൽ നെറ്റ്‌വർക് ഹാക്ക് ചെയ്ത് രോഗികളുടെ ഉൾപ്പെടെ വിവരങ്ങൾ ചോർത്തിയ സംഘവും ക്രിപ്റ്റോ കറൻസിയിൽ പണം നൽകാനാണ് ആവശ്യപ്പെട്ടത്. ഭാവിയിൽ ഇത്തരം സൈബർ സെക്യൂരിറ്റി പ്രശ്നങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പുമുണ്ട്. 2021 മുതൽ 2024 ഏപ്രിൽ വരെ സൈബർ തട്ടിപ്പിലൂടെ കേരളത്തിന് നഷ്ടമായത് 500 കോടിയോളം രൂപയാണ്. കഴിഞ്ഞ 5 മാസം കൊണ്ട് കേരളത്തിലെ പൗരൻമാർക്ക് നഷ്ടമായത് ഏകദേശം 210 കോടി രൂപ.
റിസർവ് ബാങ്കിന് കത്തയച്ചു
ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിൽ കറന്റ് അക്കൗണ്ടുകൾ വിദേശത്തിരുന്ന് ഓപ്പറേറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തരവകുപ്പ് റിസർവ് ബാങ്കിന് കത്തയച്ചു. കേരളത്തിലെ ഉൾപ്പെടെ അക്കൗണ്ടുകൾ വാടകയ്ക്കെടുത്ത് വിദേശത്ത് ഇരുന്നാണ് സംഘം തട്ടിപ്പ് നടത്തി പണം കൊണ്ടുപോകുന്നത്.