ADVERTISEMENT

കൊച്ചി ∙ സിഎംആർഎലിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയതിനെതിരെ നൽകിയ റിവിഷൻ പെറ്റീഷനിൽ സംസ്ഥാന സർക്കാരിനെയും കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം നൽകി. 

വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ സർക്കാരിനെ കക്ഷിയാക്കിയിട്ടില്ലെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ.ഷാജി ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണിത്. ഹർജിയിൽ ഭേദഗതി വരുത്തുമെന്ന് ഹർജി നൽകിയ മാത്യു കുഴൽനാടൻ എംഎൽഎയുടെ അഭിഭാഷകൻ അറിയിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി ഹർജി തള്ളിയതിനെതിരെയുള്ള റിവിഷൻ പെറ്റീഷനാണു ജസ്റ്റിസ് കെ.ബാബു പരിഗണിക്കുന്നത്. ഹർജിയിൽ നാളെ വാദം തുടരും.

പിണറായി വിജയൻ, വീണ എന്നിവർ ഉൾപ്പെടെ 7 എതിർകക്ഷികൾക്കു നോട്ടിസിനു ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. സിഎംആർഎൽ എംഡി ശശിധരൻ കർത്തയും സിഎംആർഎൽ, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, ഇന്ത്യൻ റെയർ എർത്‌സ്‌ ലിമിറ്റഡ്, എക്സാലോജിക് സൊല്യൂഷൻസ് എന്നിവയുമാണ് മറ്റ് എതിർകക്ഷികൾ.

ആദായനികുതി വകുപ്പ് സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു വിജിലൻസ് കോടതി ചെയ്യേണ്ടിയിരുന്നതെന്നു ഹർജിഭാഗം വാദിച്ചു. അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിൽ സർക്കാരിനെയും കക്ഷി ചേർത്തിരുന്നുവെന്നും കോടതി നിർദേശ പ്രകാരം സർക്കാർ വിശദീകരണം നൽകിയതാണെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വിശദീകരിച്ചു. 

English Summary:

High Court directed to include state government in cmrl case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com