ADVERTISEMENT

കൊച്ചി / മൂന്നാർ ∙ സ്ഥലം മാറ്റുമെന്ന സിപിഐ പ്രാദേശിക നേതാവിന്റെ ഭീഷണി ശരിയായി; കയ്യേറ്റമൊഴിപ്പിക്കുന്നതിനിടെ സിപിഐ നേതാക്കളുടെ ഭീഷണി നേരിട്ട ഭൂസംരക്ഷണ സേനാംഗങ്ങളെ സ്ഥലംമാറ്റി ഇടുക്കി കലക്ടർ ഉത്തരവിറക്കി. എന്നാൽ, ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തു. സ്ഥലം മാറ്റിയതോടെ ജോലി ഉപേക്ഷിക്കാനൊരുങ്ങിയ താൽക്കാലിക ജീവനക്കാരായ സേനാംഗങ്ങൾ കോടതി വിധി വന്നതോടെ തീരുമാനം ഉപേക്ഷിച്ചു. 

ജൂൺ 20ന് ആണു ദേവികുളത്തു സർക്കാർ ഭൂമി കയ്യേറി നിർമിച്ച ഷെഡ് സ്പെഷൽ തഹസിൽദാരുടെ നേതൃത്വത്തിൽ ഒഴിപ്പിക്കാനെത്തിയത്. ഇവിടെയെത്തിയ സിപിഐ ലോക്കൽ സെക്രട്ടറി ആരോഗ്യദാസ് ‘സ്ഥലംമാറ്റി വീട്ടിൽ ഇരുത്തും’ എന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീടു പൊലീസ് കാവലിലാണ് ഒഴിപ്പിക്കൽ പൂർത്തിയാക്കിയത്. തിങ്കളാഴ്ചയാണ് 3 ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി കലക്ടർ ഉത്തരവിറക്കിയത്. 

2012 മാർച്ചിലാണു ദേവികുളം, പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലേക്ക് 15 ഭൂസംരക്ഷണ സേനാംഗങ്ങളെ നിയമിച്ചത്. അനധികൃത നിർമാണവും ഭൂമികയ്യേറ്റവും ഒഴിപ്പിക്കുന്നതിനുള്ള റവന്യു ഉദ്യോഗസ്ഥരോടെപ്പം ചേർന്നു പ്രവർത്തിക്കുന്നതിനായാണ് ഇവരെ നിയമിച്ചത്. 

കലക്ടർ തിങ്കളാഴ്ച സ്വീകരിച്ച നടപടി മരവിപ്പിക്കാൻ ഉത്തരവിട്ടതു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ്. ഇടുക്കിയിലെ ഭൂപ്രകൃതിയും മേഖലകളുമായി പരിചയമുള്ള ഉദ്യോഗസ്ഥരെ മാറ്റിയതെന്തുകൊണ്ടാണെന്ന് അറിയിക്കേണ്ടതുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. കലക്ടറുടെ നടപടി അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ ശ്രദ്ധയിൽപെടുത്തിയിരുന്നു. മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ സ്പെഷൽ ഓഫിസറെ നിയമിക്കുന്നതിൽ ഇന്ന് തീരുമാനം അറിയിക്കാനും സർക്കാരിന് കോടതി കോടതി നിർദേശം നൽകി. 

English Summary:

Idukki Collector issued an order to transfer Land Protection Force personnels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com