രണ്ടു ലക്ഷത്തിന്റെ കള്ളനോട്ട്: അന്വേഷണം തുടങ്ങി
Mail This Article
കോട്ടയം ∙ ഈരാറ്റുപേട്ടയിൽ 2 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുമായി മൂന്നു യുവാക്കൾ പിടിയിലായ സംഭവത്തിൽ ഇവർക്ക് കള്ളനോട്ട് എത്തിച്ചവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഈരാറ്റുപേട്ട കാരയക്കാട് (സഫാനഗർ ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) സി.എ. അൽഷാം (30), നടയ്ക്കൽ മുണ്ടയ്ക്കൽപറമ്പ് വെട്ടിക്കാട്ട് അൻവർഷാ ഷാജി (26), നടയ്ക്കൽ കിഴക്കാവിൽ കെ.എസ്. ഫിറോസ് (25) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഈ മാസം ഒന്നിന് ഈരാറ്റുപേട്ട അരുവിത്തുറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്റെ സിഡിഎമ്മിൽ നിന്നു കള്ളനോട്ടുകൾ ലഭിച്ചതിനെത്തുടർന്ന് ബാങ്ക് അസിസ്റ്റന്റ് മാനേജർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഫിറോസ് ആണ് സിഡിഎമ്മിൽ കള്ളനോട്ട് നിക്ഷേപിച്ചതെന്നു കണ്ടെത്തി.
തുടർന്ന് പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോൾ 28,500 രൂപയുടെ നോട്ടുകെട്ടുകൾക്കൊപ്പം 500 രൂപയുടെ 9 കള്ളനോട്ടുകൾ ചേർത്ത് സിഡിഎമ്മിൽ ഇട്ടതായി സമ്മതിച്ചു. തന്റെ സുഹൃത്തായ ഈരാറ്റുപേട്ട സ്വദേശി അൻവർഷാ ഷാജിയാണ് കമ്മിഷൻ നൽകാമെന്നു പ്രലോഭിപ്പിച്ച് 500 ന്റെ 9 കള്ളനോട്ടുകൾ തനിക്കു നൽകിയതെന്നും വെളിപ്പെടുത്തി. തുടർന്ന് അൻവർഷായെ പിടികൂടി.
ഇയാളിൽ നിന്നാണ് അൽഷാമിന്റെ പങ്ക് വെളിപ്പെട്ടത്. തനിക്ക് കമ്മിഷൻ വ്യവസ്ഥയിൽ 500 രൂപയുടെ 12 കള്ളനോട്ടുകൾ അൽഷാം നൽകിയെന്നും സമ്മതിച്ചു. തുടർന്ന് അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ അൽഷാം പിടിയിലായി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.24 ലക്ഷത്തിന്റെ 500 രൂപ കള്ളനോട്ടുകൾ കണ്ടെത്തുകയായിരുന്നു.
പാലാ ഡിവൈഎസ്പി സദൻ, ഈരാറ്റുപേട്ട സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുബ്രഹ്മണ്യൻ, എസ്ഐ ജിബിൻ തോമസ്, എഎസ്ഐമാരായ രമ, കെ. ആർ ജിനു, സിപിഒമാരായ രമേഷ്, ജോബി ജോസഫ്, പ്രദീപ് എം. ഗോപാൽ, രഞ്ജിത്ത്, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
കള്ളനോട്ട് പാലക്കാട്ട് നിന്നെന്ന് സൂചന
കോട്ടയം ∙ പാലക്കാട്ട് നിന്നാണു തനിക്കു കള്ളനോട്ട് ലഭിച്ചതെന്ന് അൽഷാം പൊലീസിനോട് സമ്മതിച്ചതായാണു വിവരം. തെക്കേക്കര സ്വദേശിയായ അബ്ദുല്ല വഴിയാണ് പാലക്കാട്ടു നിന്ന് കള്ളനോട്ട് ലഭിക്കുമെന്ന വിവരം ലഭിച്ചത്. കള്ളനോട്ട് നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നുവത്രേ.
എന്നാൽ വാഗ്ദാനം ചെയ്ത പണം മുഴുവനും ലഭിക്കാതിരുന്നതിനെത്തുടർന്ന്, സുഹൃത്തായ നജീബിനെയും കൂട്ടി അൽഷാം പാലക്കാട്ടെത്തിയെങ്കിലും പണം ലഭിച്ചില്ല. തിരികെ വരും വഴി ഒല്ലൂരിൽ കള്ളനോട്ട് നൽകി പെട്രോൾ അടിച്ചിരുന്നു. കള്ളനോട്ടിന് ഇടനിലക്കാരനായ അബ്ദുല്ല ഒളിവിലാണെന്നാണു സൂചന. സംഭവത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളും പരിശോധന നടത്തി വരികയാണ്.