മുഖ്യമന്ത്രിക്ക് അപേക്ഷ കൊടുത്തു; മറുപടി കിട്ടാൻ 6 വർഷം
Mail This Article
കോട്ടയം ∙ കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്കു നൽകിയ അപേക്ഷയിൽ മറുപടി വന്നത് 6 വർഷത്തിനു ശേഷം. പ്രൈമറി സ്കൂളുകളിൽ ക്ലാസെടുക്കുന്ന സാഹചര്യവും പ്രധാനാധ്യാപകർ ചെയ്തുതീർക്കേണ്ട ജോലികളും വിവരിച്ച് 2018 മേയ് 11നാണ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. 2024 മേയ് 27നു മറുപടി കിട്ടി. അപേക്ഷ പരിഗണിക്കുന്നതായും ബന്ധപ്പെട്ട വകുപ്പുകൾക്കു നടപടി സ്വീകരിക്കുന്നതിനു നിർദേശം നൽകിയെന്നുമാണു മറുപടിയിലുള്ളത്.
പ്രൈമറി സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ ദുരിതങ്ങൾ വിവരിച്ചാണു മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. വിദ്യാഭ്യാസ വകുപ്പിൽ നിന്നു വരുന്ന സന്ദേശങ്ങളുടെ മറുപടി ദിവസവും തയാറാക്കുന്നതു മുതൽ ഉച്ചക്കഞ്ഞി വിതരണത്തിലെ അരി സ്റ്റോക്കെടുക്കലും പച്ചക്കറി വാങ്ങലും വരെ പ്രധാനാധ്യാപകരുടെ ചുമതലയാണ്. ഇതിനിടയിൽ ട്രഷറിയിൽ പോകണം. അധ്യാപകരുടെ ശമ്പളക്കാര്യത്തിലും ഇടപെടണം. ഇതിനു പുറമേ ആരോഗ്യ, തദ്ദേശ വകുപ്പുകൾ വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുകയും വേണം. ഇതിനെല്ലാമിടയിൽ ടൈംടേബിൾ പ്രകാരം ക്ലാസെടുക്കുകയും വേണം. ഈ സാഹചര്യം വിവരിച്ചാണ് അസോസിയേഷൻ മുഖ്യമന്ത്രിക്കു നിവേദനം കൊടുത്തത്.