പങ്കാളിത്ത പെൻഷൻ മുതൽ റോഡ് ക്യാമറാ വരെ; വിവാദം ബാക്കി, പഠിച്ച റിപ്പോർട്ടുകൾ പൂഴ്ത്തി സർക്കാർ
Mail This Article
തിരുവനന്തപുരം ∙ സർക്കാരിന്റെ താൽപര്യത്തിനു വിരുദ്ധമാവുകയോ പ്രതിരോധത്തിലാവുകയോ ചെയ്യുന്ന വിഷയങ്ങളിൽ അന്വേഷണം നീട്ടുകയോ റിപ്പോർട്ട് പൂഴ്ത്തുകയോ ചെയ്യുന്ന പതിവു തുടരുന്നു. പങ്കാളിത്ത പെൻഷൻ മുതൽ റോഡ് ക്യാമറ വിവാദം വരെ നീളുന്ന പൂഴ്ത്തലുകളിൽ ഏറ്റവും ഒടുവിലത്തേതു വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട തീരശോഷണം പഠിച്ച കമ്മിറ്റിയുടെ റിപ്പോർട്ടാണ്.
നവംബറിൽ ഇടക്കാല റിപ്പോർട്ടും മാർച്ചിൽ അന്തിമ റിപ്പോർട്ടും ലഭിച്ചിട്ടും ഉള്ളടക്കം സർക്കാർ പുറത്തുവിട്ടിട്ടില്ല. പരിശോധിച്ചു കഴിഞ്ഞില്ലെന്ന മറുപടിയാണ് ഇന്നലെ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മന്ത്രി സജി ചെറിയാൻ നൽകിയത്. അതേപടി പുറത്തായാൽ തീരദേശവാസികളും ലത്തീൻ അതിരൂപതയും എതിരാകുമെന്ന ആശങ്കയാണു സർക്കാരിന്.
റോഡ് ക്യാമറ വിവാദത്തിൽ കെൽട്രോണിനു വീഴ്ച സംഭവിച്ചോ എന്നന്വേഷിച്ച പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടും സർക്കാർ ‘പരിശോധിച്ചു’ തീർന്നിട്ടില്ല. കെൽട്രോണിനെ മുൻകൂറായി ന്യായീകരിച്ചശേഷമായിരുന്നു വ്യവസായ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. 2023 മേയിൽ റിപ്പോർട്ട് ലഭിച്ചു. ഉപകരാർ കമ്പനികളായ അൽഹിന്ദ്, പ്രസാഡിയോ എന്നിവരുടെ പേരുകൾ കരാറിൽ ഉൾപ്പെടുത്തിയതും സമഗ്ര ഭരണാനുമതിക്കുള്ള നടപടിക്രമം പൂർത്തിയാക്കാതിരുന്നതും കെൽട്രോണിന്റെ വീഴ്ചയായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ട് സർക്കാർ അംഗീകരിച്ചോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അംഗീകരിച്ചാൽ പുറത്തുവിടേണ്ടിവരും. പരിശോധനയിലെന്നാണ് ഒടുവിൽ നിയമസഭയിൽ മന്ത്രി അറിയിച്ചത്.
മെഡിക്കൽ സർവീസസ് കോർപറേഷന്റെ 3 മരുന്നു ഗോഡൗണുകളിലുണ്ടായ തീപിടിത്തത്തിൽ ഒരു വർഷം മുൻപു പ്രിൻസിപ്പൽ സെക്രട്ടറിയുടെ മേൽനോട്ടത്തിൽ തുടങ്ങിയ അന്വേഷണത്തിന്റെ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. 10 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായ സംഭവത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. അമിതമായി വാങ്ങിയതും കാലാവധി കഴിഞ്ഞതുമായ മരുന്നുകളും കോവിഡ് കാലത്ത് അമിതവില നൽകി വാങ്ങിയ പിപിഇ കിറ്റുകളും സൂക്ഷിച്ചിരുന്ന ഗോഡൗണുകളിലായിരുന്നു തീപിടിത്തം. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ സുപ്രീംകോടതി ഇടപെടേണ്ടിവന്നു. സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിലാണു കോടതിയിലെത്തിയത്.
2021 ഏപ്രിലിൽ ലഭിച്ച റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ വേണ്ടി റിപ്പോർട്ട് പഠിക്കാൻ സർക്കാർ മന്ത്രിസഭാ സമിതിയെ വച്ചു. കോടതിയുടെ രൂക്ഷവിമർശനമുണ്ടായപ്പോൾ റിപ്പോർട്ട് പുറത്തുവിട്ടു. മന്ത്രിതല സമിതി പിന്നെയൊന്നും പഠിച്ചുമില്ല. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ 5 വർഷം സർക്കാർ ഈ കളി തുടർന്നു. നിർബന്ധപൂർവം ആവശ്യപ്പെട്ടതോടെ വിവരാവകാശ കമ്മിഷനു കഴിഞ്ഞമാസം റിപ്പോർട്ട് കൈമാറിയെങ്കിലും പുറത്തുവന്നിട്ടില്ല.