ADVERTISEMENT

തിരുവനന്തപുരം∙ കണക്കുകൂട്ടലിലെ പിഴവുമൂലം പ്ലസ്ടു ഫിസിക്സ് പരീക്ഷയിലെ 7 മാർക്ക് നഷ്ടപ്പെട്ടതു കണ്ടെത്തി പരാതിപ്പെട്ട വിദ്യാർഥിക്ക് ആ മാർക്ക് തിരിച്ചു കിട്ടിയെങ്കിലും പ്രാക്ടിക്കൽ പരീക്ഷയിലെ 7 മാർക്ക് വെട്ടിക്കുറച്ചു! ഇതോടെ ആകെ മാർക്കിൽ വ്യത്യാസമില്ലാതായി. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് നേരത്തേ നൽകിയിരുന്ന മാർക്കിൽ കുറവ് വരുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗത്തിന്റേതാണ് വിചിത്ര നടപടി.

അംജിത് അനൂപിന്റെ ആദ്യത്തെ മാർക്ക് ലിസ്റ്റും തിരുത്തൽ വരുത്തിയ ശേഷമുള്ള മാർക്ക് ലിസ്റ്റും. പ്ലസ്ടു ഫിസിക്സിന്റെ പ്രാക്ടിക്കൽ, എഴുത്ത് പരീക്ഷകളുടെ മാർക്കിൽ വന്ന വ്യത്യാസം ചുവന്ന വൃത്തത്തിനുള്ളിൽ.
അംജിത് അനൂപിന്റെ ആദ്യത്തെ മാർക്ക് ലിസ്റ്റും തിരുത്തൽ വരുത്തിയ ശേഷമുള്ള മാർക്ക് ലിസ്റ്റും. പ്ലസ്ടു ഫിസിക്സിന്റെ പ്രാക്ടിക്കൽ, എഴുത്ത് പരീക്ഷകളുടെ മാർക്കിൽ വന്ന വ്യത്യാസം ചുവന്ന വൃത്തത്തിനുള്ളിൽ.

പെരുമ്പാവൂർ വളയൻചിറങ്ങര ഗവ.എച്ച്എസ്എസ് വിദ്യാർഥിയായിരുന്ന അംജിത് അനൂപിനാണ് അധികൃതരുടെ പിഴവ് മൂലം രണ്ട് തവണയായി അർഹമായി മാർക്ക് നഷ്ടപ്പെട്ടത്. പ്ലസ്ടു ഫലം വന്നപ്പോൾ ഫിസിക്സ് എഴുത്തുപരീക്ഷയിൽ 60ൽ 44 മാർക്കാണ് ഉണ്ടായിരുന്നത്. നേരത്തേ നടന്ന പ്രാക്ടിക്കൽ പരീക്ഷയിൽ 40ൽ 35 മാർക്ക് ലഭിച്ചിരുന്നു. തുടർ മൂല്യനിർണയത്തിന് 20 മാർക്കുമുണ്ട്. ഇതിനൊപ്പം സ്കൗട്ടിന്റെ ഗ്രേസ് മാർക്ക് കൂടി ചേർത്ത് 120ൽ 115 മാർക്കാണ് ആകെ ലഭിച്ചത്.

ഹയർ സെക്കൻഡറിയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ എഴുത്തുപരീക്ഷയിൽ 2 പേർ 2 തവണയായി മൂല്യ നിർണയം നടത്തി അതിൽ ഉയർന്ന മാർക്കാണ് പരിഗണിക്കുന്നത്. ഡബിൾ വാല്യുവേഷനായതിനാൽ ഈ വിഷയങ്ങൾക്ക് പുനർമൂല്യ നിർണയം സാധ്യമല്ല. എന്നാൽ ഫിസിക്സിന് ഇതിലുമേറെ മാർക്ക് കിട്ടാൻ സാധ്യതയുണ്ടെന്ന് ഉറപ്പായിരുന്ന അംജിത് ഉത്തരക്കടലാസിന്റെ പകർപ്പ് ഫീസടച്ച് വാങ്ങിയപ്പോഴാണ് കണക്കുകൂട്ടിയതിലെ പിഴവ് വ്യക്തമായത്. ആദ്യ മൂല്യനിർണയത്തിൽ 50, രണ്ടാമത്തെ മൂല്യ നിർണയത്തിൽ 51 എന്ന ക്രമത്തിലാണ് മാർക്ക് ഉത്തരക്കടലാസിൽ നൽകിയിരിക്കുന്നത്. എന്നാൽ ടാബുലേഷൻ ഷീറ്റിൽ മാർക്ക് പകർത്തി എഴുതിയതിൽ സംഭവിച്ച പിഴവു മൂലം കൂട്ടിയെടുത്തപ്പോൾ 44 ആയി കുറഞ്ഞു.

ഈ പിഴവ് തിരുത്താൻ അപേക്ഷ നൽകിയതിനെ തുടർന്ന് പുതിയ മാർക്ക് ലിസ്റ്റ് ലഭിച്ചപ്പോൾ എഴുത്ത് പരീക്ഷയ്ക്ക് 51 മാർക്ക് നൽകിയെങ്കിലും പ്രാക്ടിക്കൽ പരീക്ഷയിലെ 35 മാർക്ക് 28 ആയി വെട്ടിക്കുറച്ചു. അതോടെ ആകെ മാർക്ക് 115 തന്നെയായി. വീണ്ടും പരാതി നൽകാനാണ് അംജിത്തിന്റെ തീരുമാനം. ആകെ മാർക്കിൽ കാര്യമായ വർധന സംഭവിച്ചാൽ ടാബുലേഷൻ നടത്തിയവർക്കെതിരെ നടപടി വേണ്ടിവരുമെന്നതിനാൽ അതൊഴിവാക്കാനാണ് ഈ ‘വെട്ടിക്കുറയ്ക്കൽ’ എന്നാണ് ആരോപണം. പുനർമൂല്യ നിർണയത്തിൽ ചെറിയ മാർക്കിന്റെ വ്യത്യാസം വന്നാൽ പോലും ആദ്യം മൂല്യനിർണയം നടത്തിയ അധ്യാപകനെതിരെ നടപടിയുണ്ടാകാറുണ്ട്.

പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്കിൽ കുറവ് വരുത്താറില്ലെന്നും പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും ഹയർ സെക്കൻഡറി പരീക്ഷാ സെക്രട്ടറി ഡോ.ജി.വിവേകാനന്ദൻ പറഞ്ഞു.

English Summary:

Strange Action in Higher Secondary; 7 marks were given when he complained but another 7 marks were reduced!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com