ADVERTISEMENT

കൊല്ലം∙ കുണ്ടറ ആലീസ് വർഗീസ് കൊലക്കേസിൽ പ്രതിയെ വിട്ടയച്ച ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. പ്രോസിക്യൂഷന്റെ നിയമോപദേശത്തെത്തുടർന്നാകും ഇത്. ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, വി.എം. ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതിയായിരുന്ന പാരിപ്പള്ളി സ്വദേശി ഗിരീഷ് കുമാറിനെ വിട്ടയച്ചത്. 

2013 ജൂൺ 11 ആണ് കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തിൽ വർഗീസിന്റെ ഭാര്യ ആലീസ് (57) കൊല്ലപ്പെടുന്നത്. സെഷൻസ് കോടതി 2018 ലാണ് പ്രതിയെ വധശിക്ഷയ്ക്കു വിധിച്ചത്. കൊലപാതകത്തിൽ ദൃക്സാക്ഷിയില്ലാത്തതു കൊണ്ട് സാഹചര്യ, ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ചാണ് പ്രോസിക്യൂഷൻ കേസ്. അപൂർവങ്ങളിൽ അപൂർവമെന്ന തരത്തിൽ കേസിനെ കണ്ടതിനെക്കുറിച്ച് സെഷൻസ് കോടതിയുടെ വിധിപ്പകർപ്പിൽ പ്രത്യേകം പറയുന്നുണ്ട്. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വീട്ടമ്മയെ കവർച്ച ലക്ഷ്യമിട്ടാണ് അതിദാരുണമായി കൊലപ്പെടുത്തിയതെന്നും കൊലപാതകത്തിനു മുൻപ് ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയയാക്കിയെന്നും പറയുന്നു. ശരീരത്തിലേറ്റ മുറിവുകളുടെ എണ്ണവും കുറ്റകൃത്യത്തിലെ കൊടുംക്രൂരതയും കണക്കിലെടുത്താണ് വധശിക്ഷ നൽകുന്നതെന്നും സെഷൻ കോടതി വിധിയിൽ പറയുന്നു. 

ആലീസ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിലെ സിം കാർഡ് അന്വേഷണ ഉദ്യോഗസ്ഥർ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചില്ലെന്ന് സെഷൻസ് കോടതി വിധിയിൽ പറയുന്നുണ്ട്. പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ഈ പിഴവ് തിരിച്ചറിഞ്ഞ് പബ്ലിക് പ്രോസിക്യൂട്ടർ പ്രത്യേക കത്ത് നൽകി സിം കാർഡ് സൈബർ സെൽ പരിശോധിച്ചെന്നും അവർ റിപ്പോർട്ട് സമർപ്പിച്ചെന്നും വിധി പറയുന്നുണ്ട്. 

കൊലയ്ക്കു ശേഷം ആലിസ് ഉപയോഗിച്ചിരുന്ന രണ്ടു മൊബൈൽ ഫോണുകളിലെ സിം കാർഡുകൾ പ്രതി എടുത്തെന്നും അവ മുടിവെട്ടാൻ കയറിയ ഭരണിക്കാവിലെ ബാർബർ ഷോപ്പിൽ പ്ലാസ്റ്റിക് ബാഗിൽ ഉപേക്ഷിച്ചെന്നുമാണ് പ്രോസിക്യൂഷൻ പറയുന്നത്. കൊലയ്ക്കു ശേഷം ഊരിമാറ്റിയ സിമ്മിലേക്ക് ജൂൺ 18ന് ആരോ വിളിച്ചെന്നാണ് സൈബർ വിദഗ്ധർ സെഷൻസ് കോടതിയിൽ മൊഴി നൽകിയത്. അതോടെ കേസിലെ നിർണായക തെളിവായ സിം കാർഡിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. 

കൃത്യം നടന്ന സ്ഥലത്തു നിന്നു ലഭിച്ച മുദ്രപ്പേപ്പറുകളെയും സ്റ്റാംപ് പതിച്ച വെള്ളക്കടലാസുകളെയും കുറിച്ച് പൊലീസ് അന്വേഷിച്ചില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്റ്റാംപ് പേപ്പറുകൾ വീട്ടമ്മ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന്റെ തെളിവാണെന്നും ഇടപാടുകാരിൽ ആരെങ്കിലുമാണോ കൊലയ്ക്കു പിന്നിലെന്ന് പൊലീസ് അന്വേഷിച്ചില്ലെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. പ്രതിയെ വിട്ടയച്ച വിധിക്കൊപ്പം നഷ്ടപരിഹാരം നൽകണമെന്നും നിർദേശമുണ്ട്. 

2018 ജൂലൈ 5നാണ് ഗിരീഷ് കുമാറിനെ സെഷൻസ് കോടതി വധശിക്ഷയ്ക്കു വിധിച്ചത്. പ്രതിയെ വിട്ടയച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി എത്തിയത് ആറു വർഷത്തിനു ശേഷം ജൂലൈ 3നും. ആലിസ് കൊലപാതക കേസിൽ 11 വർഷത്തിൽ അധികം തടവിൽ കഴിഞ്ഞതിനു ശേഷമാണ് വിധിയെത്തിയത്.

English Summary:

Kundara Alice Varghese murder case: Government to give appeal against acquittal of Girish Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com