കല പോയത് കൊച്ചിയിലെ തുണിക്കടയിൽ ജോലിക്ക്; കൊല്ലപ്പെട്ടത് 2009 ഡിസംബറിലെന്ന് റിമാൻഡ് റിപ്പോർട്ട്
Mail This Article
ആലപ്പുഴ ∙ അനിലുമായി പിണങ്ങി വീടുവിട്ട കല പോയതു പാലക്കാട്ടേക്കല്ല, കൊച്ചിയിലേക്കാണെന്നു പൊലീസ്. കൊച്ചിയിലെ തുണിക്കടയിൽ ജോലിക്കായാണു പോയത്. അപ്പോഴും കല ഫോൺ ഉപയോഗിച്ചിരുന്നതിനാൽ അനിൽ കലയുമായി സംസാരിച്ചിരുന്നു. തുടർന്ന് അനിൽ കൊച്ചിയിലെത്തി കലയെ കൂട്ടിക്കൊണ്ടുവന്നെന്നും തുടർന്നാണു കൊലപ്പെടുത്തിയതെന്നും പൊലീസിന് ആദ്യ അന്വേഷണത്തിൽ സൂചന ലഭിച്ചു. കലയ്ക്കു മദ്യം നൽകിയെന്നും വിവരമുണ്ട്. കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്യാനാണ് അനിൽ മറ്റുള്ളവരുടെ സഹായം തേടിയത്
പിന്നീടു കസ്റ്റഡിയിലായ രണ്ടുപേരെ അനിൽ കലയുടെ മൃതദേഹം കാണിച്ചെന്നും സഹായം തേടിയെന്നും പൊലീസ് കണ്ടെത്തി. ഇവർ വിസമ്മതിച്ചപ്പോൾ അനിൽ ഭീഷണിപ്പെടുത്തിയെന്നും പൊലീസിനു മൊഴി ലഭിച്ചിരുന്നു.കല കൊച്ചിയിലുണ്ടെന്ന് അധികമാർക്കും അറിയില്ലായിരുന്നു എന്നാണു പൊലീസിനു ലഭിച്ച വിവരം.
കാറിലുണ്ടായിരുന്നത് അനിലും കലയും മാത്രം
മാന്നാർ ∙ കൊലപാതകം നടന്ന ദിവസം അനിലും കലയും മാത്രമാണു കാറിൽ സഞ്ചരിച്ചതെന്നാണു പൊലീസിനു കിട്ടിയ വിവരം. കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവുചെയ്യാനായി മറ്റുള്ളവരെ അനിൽ വിളിച്ചുവരുത്തിയതാണോ എന്നാണു സംശയം.
പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ തൃപ്പെരുന്തുറ ഇരമല്ലൂർ പുതുപ്പള്ളിൽ തെക്കേതിൽ കെ.വി.സുരേഷ് കുമാറിനെ, കാറിൽ കിടക്കുന്ന കലയുടെ മൃതദേഹം അനിൽ കാണിച്ചെന്നാണു നേരത്തെ പൊലീസിനു കിട്ടിയ സൂചന. അതനുസരിച്ചാണു കസ്റ്റഡിയിലെടുത്തത്. സുരേഷ് കുമാറാണു വിവരം നൽകിയതെന്നും രണ്ടാം തീയതി സുരേഷ് കുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തതെന്നും എഫ്ഐആറിൽ പറയുന്നു.
സംഭവം 2009 ഡിസംബറിലെന്ന് റിമാൻഡ് റിപ്പോർട്ട്
ആലപ്പുഴ ∙ ഇരമത്തൂർ സ്വദേശി കല കൊല്ലപ്പെട്ടത് 2009 ഡിസംബർ ആദ്യ ആഴ്ചയിലെന്നു റിമാൻഡ് റിപ്പോർട്ട്. വലിയ പെരുമ്പുഴയിൽ വച്ചാണു കൊല്ലപ്പെട്ടതെന്നും പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കലയുടെ മൃതദേഹവുമായി പ്രതികളെ കാറിൽ കണ്ടെന്നു പരാതിക്കാരൻ സുരേഷ് കുമാർ പൊലീസിനു മൊഴി നൽകിയിരുന്നു. കണ്ട സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു. തട്ടാരമ്പലം – വലിയ പെരുമ്പുഴ പാലം – മാന്നാർ റോഡിൽ ഇരമത്തൂർ ചിറ്റമ്പലം ജംക്‌ഷനടുത്തു വച്ചാണു പ്രതികളെയും മൃതദേഹവും കണ്ടതെന്നാണു മൊഴി.
2009 ഡിസംബർ ആദ്യ ആഴ്ചയിലാണു കൊലപാതകം നടന്നതെന്ന് അന്വേഷണത്തിലും സാക്ഷിമൊഴികളിലും വ്യക്തമായെന്നു റിപ്പോർട്ടിലുണ്ട്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്നത് വലിയ പെരുമ്പുഴ പാലത്തിനടുത്തു വച്ചാണെന്നും അനിൽ വാടകയ്ക്കെടുത്ത കാറിൽ വച്ചാണെന്നും രണ്ടാം പ്രതി ജിനു ഗോപിയുടെ കുറ്റസമ്മതമൊഴിയിലുണ്ട്. സംഭവസ്ഥലം കാട്ടിത്തരാമെന്ന് പ്രതി പറഞ്ഞെങ്കിലും മറ്റു നടപടികൾ പൂർത്തിയാക്കേണ്ടതിനാൽ അതു സാധിച്ചില്ല. കോടതിയിൽനിന്നു കസ്റ്റഡിയിൽ വാങ്ങി സംഭവ സ്ഥലത്തെത്തിച്ച് മഹസർ തയാറാക്കണം. മൃതദേഹം മറവു ചെയ്തത് എവിടെയെന്നും കണ്ടെത്തണം. ഒന്നാം പ്രതിയുടെ അറസ്റ്റ്, മൃതദേഹവും കാറും എവിടെയെന്നും കാറിന്റെ ഉടമ ആരെന്നും കണ്ടെത്തൽ തുടങ്ങിയ നടപടികൾ ബാക്കിയുള്ളതിനാൽ പ്രതികളെ ജാമ്യത്തിൽ വിടരുതെന്നും റിമാൻഡ് ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.