ADVERTISEMENT

ആലപ്പുഴ ∙കലയെ കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതികൾ പിടിയിലായെന്നറിഞ്ഞ് ഒന്നാം പ്രതി അനിലിനു രക്തസമ്മർദം കൂടിയെന്നും മൂക്കിൽനിന്നു രക്തം വന്നെന്നും വിവരം. ബന്ധുക്കളായ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിക്കുമെന്നും ബന്ധുക്കളിൽനിന്ന് അനിൽ അറിഞ്ഞിരുന്നു. തുടർന്നാണു രക്തസമ്മർദം കൂടിയതെന്നാണു വിവരം. ഇക്കാര്യം ഇസ്രയേലിൽ അനിൽ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാരാണു ബന്ധുക്കളെ അറിയിച്ചതെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു.

അനിലിനെ നാട്ടിലെത്തിക്കാൻ ഒട്ടേറെ കടമ്പകൾ

ആലപ്പുഴ ∙ കല വധക്കേസിലെ ഒന്നാം പ്രതിയായ  അനിലിനെ ഇസ്രയേലിൽനിന്ന് എത്തിക്കാൻ പൊലീസിനു മുന്നിൽ പല കടമ്പകൾ. സംസ്ഥാന പൊലീസ് മുതൽ കേന്ദ്ര ആഭ്യന്തര വകുപ്പും ഇന്റർപോളും വരെ ഉൾപ്പെടുന്ന നടപടികൾ സങ്കീർണവും ഏറെ സമയമെടുക്കുന്നതുമാണ്. അനിൽ സ്വയം നാട്ടിലെത്തുമോ എന്ന വഴിയാകും പൊലീസ് ആദ്യം അന്വേഷിക്കുക. അനിൽ നാട്ടിലെത്താൻ തയാറായാൽ മറ്റു നടപടികൾ ഒഴിവാക്കാം.

സർക്കാർ തലത്തിലെ നടപടികളിലൂടെ നാട്ടിലെത്തിക്കാൻ ആദ്യം ബ്ലൂ കോർണർ തിരച്ചിൽ നോട്ടിസും പിന്നീട് റെഡ് കോർണർ നോട്ടിസും പുറപ്പെടുവിക്കണം. ഇന്റർപോളാണ് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കേണ്ടത്. ഇതിന്റെ ആദ്യഘട്ടമായി പൊലീസ് തിരച്ചിൽ സർക്കുലർ പുറത്തിറക്കണം. പിന്നീടു കോടതി വഴി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ശേഷം റെഡ് കോർണർ നോട്ടിസിനുള്ള പൊലീസിന്റെ അഭ്യർഥന കേന്ദ്ര ആഭ്യന്തരവകുപ്പിനു കൈമാറും. ഇന്റർപോളിന്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായ സിബിഐയാണു റെഡ് കോർണർ നോട്ടിസ് ഇറക്കാൻ ശുപാർശ നൽകേണ്ടത്. ഈ ശുപാർശ ഇന്റർപോളിന്റെ ജനറൽ സെക്രട്ടേറിയറ്റ് നിയോഗിക്കുന്ന പ്രത്യേക ദൗത്യ സമിതി പരിശോധിച്ച ശേഷമാണു നോട്ടിസ് പുറപ്പെടുവിക്കുന്നത്. 

അന്വേഷണത്തിന് 21 അംഗ സംഘം

ആലപ്പുഴ ∙ കലയുടെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘം വിപുലീകരിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാന്നാർ, അമ്പലപ്പുഴ സ്റ്റേഷനുകളിലെ  ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 21 അംഗ സംഘമാണ് ഇന്നലെ രൂപീകരിച്ചത്.

English Summary:

Mannar murder: Anil's blood pressure rises after knowing that the co-accused have been arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com